മലയാളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു്മലയാളം. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ് മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്.
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 30 ദശലക്ഷം ജനങ്ങള്‍ മലയാളം ഭാഷ സംസാരിക്കുന്നുണ്ടു്.
ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കല്‍ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ടു്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അര്‍ത്ഥം ഉള്ള് മല + അളം (സമുദ്രം) എന്നീ വാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു.
[തിരുത്തുക] ഭാഷാപരിണാമം (ചരിത്രം)
- മുഖ്യ ലേഖനം: മലയാളം ഭാഷാചരിത്രം
മലയാള ഭാഷ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലര്‍ന്ന ഒരു മിശ്ര ഭാഷയാണെന്നും ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴില്‍ നിന്നുത്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാല്ഡ്വെല് ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴില്‍ നിന്ന് അകന്നു നില്കുന്നു എന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തെതുടര്‍ന്ന് എ.ആര്. രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരൂം മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. രാജവര്‍മ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളില്‍ ഒന്നാണ് മലയാളമായിത്തീര്‍ന്നതെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മലയാളത്തില്‍ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തീനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂര്‍ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേര് തിരിഞ്ഞിട്ടുണ്ടാവാം എന്ന് എന്‍.വി. രാമസ്വാമി അയ്യര്‍, ടി. ബറുവ, എം.ബി എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയില്‍ നിന്നുണ്ടായതാണ് മലയാളം തമിഴ്, കര്‍ണ്ണാകം തെല്ലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാല്‍ പി.കെ പരമേശ്വരന് നായരുടെ അഭിപ്രായത്തില്‍ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായിഉ രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ശക്തമായ സ്വാധീനം മലയാളത്തില്‍ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയര്‍ന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാന്‍ കാരണം അതാണ്. എന്നാല്‍ ഈ സ്വാധിനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലാനാടു ഭാഷ തന്നെയായിരുന്നു.
ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തില്‍ മലയാണ്മ എന്നു് വിളിച്ചു് പോന്നിരുന്ന മലയാളം, തമിഴ്, കോട്ട, കൊടഗു്, കന്നഡ എന്നീ ഭാഷകള്‍ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളില്‍ ഒന്നാണു്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ചു് പ്രതിപാദിക്കുമ്പോള്‍ ഭാഷ എന്നു മാത്രം ഉപയോഗിച്ചു് കാണാറുണ്ടു്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായിട്ടുള്ള ബന്ധം വളരെ ശ്രദ്ധേയമാണു്.
ഭരണ-അദ്ധ്യയനഭാഷയായി ഒരു കാലത്തു് കേരളദേശത്തു് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തില്‍ കാണുന്നതു് തികച്ചും സ്വാഭാവികവുമാണു്. ഉത്തരഭാരതത്തില്‍ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങള്‍ വഴി ഭാഷയില്‍ വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ഇന്തോ-ആര്യന് ഭാഷകള്‍ക്കും, അറബ്, യൂറോപ്പ്യന്‍ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങള്‍ വഴി അതതു് ദേശത്തെ ഭാഷകളും മലയാളഭാഷയില്‍ പ്രകടമായ ചില പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ടു്.
മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാധ്യതയുണ്ടു്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാന്‍ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ടു്.
ദ്രാവിഡമൂലഭാഷയായ തമിഴില്‍ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇതില്‍ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞര്‍ കരുതുന്നു. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണു്:
- മലനാട് മറ്റു തമിഴ്നാടുകളില്‍ നിന്നു സഹ്യപര്‍വ്വതം എന്ന കിഴക്കേ അതിരിനാല് വേര്‍തിരിഞ്ഞു കിടക്കുന്നതു്.
- പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
- നമ്പൂരിമാരും ആര്യസംസ്കാരവും.
മലയാളം ഭാഷാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കാര്യങ്ങളില്‍ പ്രധാനവും ഭാഷാപരമായി ദൃശ്യമായ പരിവര്‍ത്തനങ്ങള്‍ ഹേതുവായി ഭവിച്ചതും നമ്പൂരിമാര്‍ക്ക് സമൂഹത്തില്‍ കൈവന്ന സ്ഥാനമാനങ്ങളും സംസ്കൃതത്തിനു അതുമൂലമുണ്ടായ പ്രചാരവുമാണു്. മേല്‍പ്പറഞ്ഞ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങള്‍ ഈ ഒരു പരിണാമത്തിനു ആക്കം കൂട്ടുകയാണുണ്ടായതു്. പാണ്ഡ്യചോളചേരരാജാക്കന്മാര്‍ക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്നാടുകളുമായി ജനങ്ങള്‍ക്കുണ്ടായിരുന്ന ക്രയവിക്രയങ്ങളില്‍ കാര്യമായ കുറവുകള്‍ വരുത്തിയിരുന്നു. കിഴക്കന്‍ അതിര്‍ത്തിയിലെ ദുര്‍ഘടമായ സഹ്യമലനിരകള്‍ കടന്നുള്ള ദുഷ്കരമായുള്ള യാത്രങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും അകറ്റുന്നതില്‍ ഭാഗമായി; ആയതുമൂലം ഭാഷയില്‍ ദേശ്യഭേദങ്ങള്‍ക്ക് അവസരമുണ്ടാവുകയുമായിരുന്നു. മരുമക്കത്തായം, മുന്‍കുടുമ, മുണ്ടുടുപ്പ് എന്നീ മറ്റു ദ്രാവിഡദേശക്കാര്‍ക്കില്ലാതിരുന്ന ആചാരങ്ങള്‍ മലയാളദേശത്തെ ജനങ്ങളെ മറ്റു തമിഴ്ദേശക്കാരില്‍ നിന്നു അകറ്റുവാനും വ്യത്യസ്തമാര്‍ന്ന ഒരു ജനവിഭാഗമാകുവാന്‍ ഇവര്‍ക്ക് പ്രേരണയായി എന്നും കരുതേണ്ടിയിരിക്കുന്നു.
കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാന്‍ തുടങ്ങിയ ബ്രാഹ്മണര്‍ക്ക് സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ കൈകടത്തലുകള്‍ക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡജനതയുമായുള്ള സമ്പര്‍ക്കത്തില്‍ ഉപേക്ഷിക്കുവാനും ബ്രാഹ്മണര്‍ തുനിഞ്ഞതോടെ അവര്‍ക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരല്‍ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരില്‍ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകര്‍ന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവര്‍ത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായതു്.
[തിരുത്തുക] ആദ്യകാല സാഹിത്യം
- മുഖ്യ ലേഖനം: മലയാളം സാഹിത്യ ചരിത്രം
മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളുടേയും, തമിഴ് - സംസ്കൃതം ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായിട്ടുള്ള ലിഖിതം ചേരപ്പെരുമാക്കന്മാരില്‍ രാജശേഖരന് പെരുമാളിന്റെ കാലത്തുള്ളതാണു്. ക്രി. 830 -ല്‍ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത്. പല്ലവഗ്രന്ഥലിപിയില്‍ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തില്‍ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാര്‍ഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം വളര്‍ന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേര്‍ത്തിരിച്ചെഴുതാവുന്നതാണു്.
- തമിഴ് സമ്പ്രദായത്തില്‍ പാട്ടുരീതിയിലുള്ള കൃതികള്‍
- സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികള്‍
- മലയാളത്തിലുള്ള സന്ദേശകാവ്യങ്ങള്‍, ചമ്പൂക്കള്‍, മറ്റു ഭാഷാകൃതികള്‍
പാട്ടുരീതിയില്‍ എഴുതപ്പെട്ട കൃതികളില്‍ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണു്. പേരില്‍ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണു് ഇതിവൃത്തമെങ്കിലും യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങള്‍ക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളില്‍ നിന്നു വിട്ട് തദ്ദേശീയമായ രീതിയില്‍ എഴുതപ്പെട്ട കാവ്യം എന്ന നിലയില്‍ രാമചരിതം ശ്രദ്ധേയ കൃതിയാണു്. ലീലാതിലകത്തിലും മറ്റും വ്യവസ്ഥ ചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തില്‍ ഒരു തമിഴ് കൃതിയെന്നെ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തില്‍ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തില്‍ കാണാനാകുന്നതു്. ക്രിസ്തുവര്‍ഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം.
“അതിതേ വനിലമിഴ്ന്ത മനകാമ്പുടയ ചീരാമനമ്പിനൊടിയറ്റിന തമിഴ്കവി വല്ലോര്” എന്നിങ്ങനെ തമിഴ് സമ്പുഷ്ടമായിരുന്നു രാമചരിതമെങ്കില്‍, “നരപാലകര്‍ ചിലരിതിന് വിറച്ചാര്‍ നലമുടെ ജാനകി സന്തോഷിച്ചാള്‍ അരവാദികള്‍ ഭയമീടുമിടി ധ്വനിയാല്‍ മയിലാനന്ദിപ്പതുപോലെ” എന്നു തെളി മലയാളത്തില്‍ ആയിരുന്നു കണ്ണശ്ശരാമായണം.
രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ എഴുതപ്പെട്ട കൃതിയാണു വൈശികതന്ത്രം എന്ന മണിപ്രവാള ഗ്രന്ഥം. സംസ്കൃതത്തില്‍ ദാമോദരഗുപ്തന്റെ കുട്ടനീമതം പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാളം കൃതിയായിരുന്നു വൈശികതന്ത്രവും. മണിപ്രവാളകൃതികള്‍ പൊതുവെ സംസ്കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും, പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു. കൂടുതല്‍ സംസ്കൃത അഭിവാഞ്ജ പ്രകടിപ്പിക്കുന്ന സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും, ശങ്കരാചാര്യരുടെ കാലം മുതല്ക്കേയുള്ള സ്തോത്രപാരമ്പര്യത്തിലുള്ള കൃതികളും ഇതേ കാലയളവില്‍ പ്രസിദ്ധമായിരുന്നു. വില്വമംഗലത്തു സ്വാമിയാരുടെ സംസ്കൃതസ്തോത്രങ്ങള്‍ക്ക് സമകാലികമായി മണിപ്രവാളത്തില്‍ വസുദേവസ്തവം പോലുള്ള കൃതികളും പന്ത്രണ്ടാംനൂറ്റാണ്ടിന്റെയും പതിമൂന്നാംനൂറ്റാണ്ടിന്റെയും മധ്യകാലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
കേരളീയ കാവ്യപാരമ്പര്യം കുറേകൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടെയാണു്. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തില്‍ നിന്നു അകന്നു നിന്നു് നാടന്‍ ഈണത്തില്‍ രചിക്കപ്പെട്ട കൃതിയെന്നുകൂടി കൃഷ്ണഗാഥയെ കുറിച്ച് പറയണം (അന്യഭാഷാസ്വാധീനം പൂര്‍ണ്ണമായും ഇല്ലെന്നല്ല; മണിപ്രവാളത്തിന്റെയും മധ്യയുഗങ്ങളില്‍ തമിഴ്നാട്ടില്‍ നിലനിന്നിരുന്ന ‘ഉന്തിപ്പാട്ടിന്റെയും’ സാദൃശ്യം കൃതിയില്‍ ചൂണ്ടിക്കാണിക്കാവുന്നതുമാണു്) ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാര്‍ന്ന മലയാള ഭാഷയും ചേര്‍ന്ന കൃഷ്ണഗാഥ മലയാളം കവിതയ്ക്ക് ഒരു പുതിയ പിറവി നല്കുകയാണുണ്ടായത്. ആധുനിക കാലത്തെ മലയാളം കവികളായ വള്ളത്തോള്‍, വൈലോപ്പിള്ളി, ബാലാമണിയമ്മ എന്നിവരുടെ കവിതകളില്‍ പോലും കൃഷ്ണഗാഥയുടെ സ്വാധീനം കാണാവുന്നതാണു്.
കുറേകൂടി സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങള്‍ എന്ന നിലയില്‍ മലയാളസാഹിത്യത്തില്‍ സന്ദേശകാവ്യങ്ങളും ചമ്പൂക്കളും പ്രസക്തമാണു്. സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാള്‍ കൃഷി, വാണിജ്യം, ഭോഗാലസ ജീവിതം, ഭക്തി എന്നിവയുടെ വര്‍ണ്ണനകള്‍ക്കാണു് പ്രാധാന്യം കൊടുത്തുകാണുന്നത്.
[തിരുത്തുക] അക്ഷരമാല
വിഭജിക്കാന്‍ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വര്‍ണം (ഉദാ: വസ്ത്രം= വ്+സ്+ത്+ര്‍+അം). തനിയെ ഉച്ചരിക്കാവുന്ന വര്‍ണം സ്വരം എന്നും അന്യവര്‍ണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വര്‍ണം വ്യജ്ഞനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങള്‍ ഉണ്ട്. അവ ചില്ലുകള്‍ (ന്, ല്‍, ള്‍, ണ്, ര്‍) എന്നറിയപ്പെടുന്നു. വര്‍ണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകള്‍ ആണ് ലിപികള്‍.
സ്വരങ്ങള്‍ | |||||||||
---|---|---|---|---|---|---|---|---|---|
ഹ്രസ്വം | അ | ഇ | ഉ | ഋ | ഌ | എ | ഒ | ||
ദീര്‍ഘം | ആ | ഈ | ഊ | ൠ | ൡ | ഏ | ഐ | ഓ | ഔ |
വ്യഞ്ജനങ്ങളെ പല വിധത്തില്‍ വിഭജിക്കാറുണ്ട്.
വ്യഞ്ജനങ്ങള്‍ | |||||||
---|---|---|---|---|---|---|---|
കണ്ഠ്യം (കവര്‍ഗം) | ക | ഖ | ഗ | ഘ | ങ | ||
താലവ്യം (ചവര്‍ഗം) | ച | ഛ | ജ | ഝ | ഞ | ||
മൂര്‍ധന്യം (ടവര്‍ഗം) | ട | ഠ | ഡ | ഢ | ണ | ||
ദന്ത്യം (തവര്‍ഗം) | ത | ഥ | ദ | ധ | ന | ||
ഓഷ്ഠ്യം (പവര്‍ഗം) | പ | ഫ | ബ | ഭ | മ | ||
മധ്യമം | യ | ര | ല | വ | |||
ഊഷ്മാവ് | ശ | ഷ | സ | ||||
ഘോഷി | ഹ | ||||||
ദ്രാവിഡമധ്യമം | ള | ഴ | റ |
സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലക്ഷരങ്ങള്‍
ചില്ലുകള്‍ | |||||||
---|---|---|---|---|---|---|---|
ചില്ലുകള്‍ | ര്‍ | ല്‍ | ള്‍ | ണ് | ന് |
[തിരുത്തുക] മലയാളം യുണീകോഡ്
മലയാളം യുണീകോഡ് U+0D00 മുതല്‍ U+0D7F വരെയാണ്
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | A | B | C | D | E | F | ||
D00 | ഀ | ഁ | ം | ഃ | ഄ | അ | ആ | ഇ | ഈ | ഉ | ഊ | ഋ | ഌ | | എ | ഏ | |
D10 | ഐ | | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | |
D20 | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | ഩ | പ | ഫ | ബ | ഭ | മ | യ | |
D30 | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ | ഺ | ഻ | ഼ | ഽ | ാ | ി | |
D40 | ീ | ു | ൂ | ൃ | ൄ | | െ | േ | ൈ | | ൊ | ോ | ൌ | ് | ൎ | ൏ | |
D50 | | | | | ൔ | ൕ | ൖ | ൗ | ൘ | ൙ | ൚ | ൛ | ൜ | ൝ | ൞ | ൟ | |
D60 | ൠ | ൡ | ൢ | ൣ | | | 0 | ൧ | ൨ | ൩ | ൪ | ൫ | ൬ | ൭ | ൮ | ൯ | |
D70 | ൰ | ൱ | ൲ | ൳ | ൴ | ൵ | ൶ | ൷ | ൸ | ൹ | ൺ | ൻ | ർ | ൽ | ൾ | ൿ |
[തിരുത്തുക] വ്യാകരണം
- മുഖ്യ ലേഖനം: മലയാളം വ്യാകരണം
ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങള്‍ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല. എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങള്‍ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണു് മൂലഭാഷയില്‍ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും. മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന ഏ.ആര് രാജരാജവര്‍മ്മയുടെ അഭിപ്രായത്തില്‍ തമിഴ് ഭാഷയില്‍ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു:
- അനുനാസികാതിപ്രസരം
അനുനാസികാവര്‍ണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു
ഉദാഹരണങ്ങള്‍ | |
---|---|
തമിഴ് | മലയാളം |
നിങ്കള് | നിങ്ങള്‍ |
നെഞ്ച് | നെഞ്ഞ് |
- തവര്‍ഗ്ഗോപമര്‍ദ്ദം അഥവാ താലവ്യാദേശം
- സ്വരസംവരണം
- പുരുഷഭേദനിരാസം
- ഖിലോപസംഗ്രഹം
- അംഗഭംഗം
[തിരുത്തുക] ലിപിയും അക്ഷരമാലയും
- മുഖ്യ ലേഖനം: മലയാളം ലിപി, മലയാളം അക്ഷരമാല
ദക്ഷിണഭാരതത്തില്‍ ലിപിവ്യവസ്ഥിതിയുടെ പ്രചാരകര്‍ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഈ ലിപിയാകട്ടെ ബ്രാഹ്മി ലിപിയില്‍ നിന്നു ദ്രാവിഡഭാഷകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരില്‍ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികള്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകള്‍ എഴുതുവാന്‍ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാന്‍ ഗ്രന്ഥലിപികള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചതു്. പല്ലവഗ്രന്ഥം, തമിഴ്ഗ്രന്ഥം എന്നീ ഗ്രന്ഥലിപികളില്‍ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തില്‍ പ്രചാരത്തില്‍ വന്നത്. മലയാളത്തില്‍ ലഭ്യമായ ആദ്യ ലിഖിതമായ വാഴപ്പള്ളി ലിഖിതത്തിലും പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നതു്.
സംസ്കൃതത്തിന്റെ പ്രചാരം വര്‍ദ്ധിച്ചതോടെ സംസ്കൃതം മൂലമായ വാക്കുകള്‍ ഉപയോഗിക്കുന്ന ലിഖിതങ്ങള്‍ എഴുതുവാന്‍ വട്ടെഴുത്ത് അപര്യാപ്തമായി. പ്രാചീനകാലത്ത് സംസ്കൃതത്തിനു ഏകതാനമായ ഒരു ലിപിസഞ്ചയം ഇല്ലാതിരുന്നതുകാരണം ഭാഷാസാഹിത്യത്തില്‍ സംസ്കൃതം വാക്കുകള്‍ എഴുതുവാന്‍ ഗ്രന്ഥലിപികള്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ദ്രാവിഡ വാക്കുകള്‍ വട്ടെഴുത്തുകൊണ്ടും സംസ്കൃതവാക്കുകള്‍ ഗ്രന്ഥലിപികൊണ്ടും എഴുതിയിരുന്നതുകൊണ്ടു പതിനഞ്ചാം നൂറ്റാണ്ടോടെ ഈ രണ്ടു ലിപികളും ഇടകലര്‍ത്തിയെഴുതിയ കൃതികള്‍ യഥേഷ്ടമായിരുന്നു. മണിപ്രവാളം സാഹിത്യരചനകള്‍ മിക്കവാറും ഇപ്രകാരമായിരുന്നു എഴുതിക്കൊണ്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരേയ്ക്കും മലയാളം എഴുതുന്നതു ഗ്രന്ഥലിപി ഉപയോഗിച്ചു തന്നെയായിരുന്നു, കാലാകാലങ്ങളില്‍ ലിപിയില്‍ പരിവര്‍ത്തനങ്ങള്‍ വരികയും ചെയ്തിരുന്നു. ഇന്നു കാണുന്ന മലയാളം ലിപി, ഗ്രന്ഥലിപിയില്‍ അഞ്ചോ ആറോ നൂറ്റാണ്ടുകളില്‍ വന്നുപോയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടതാണു്.
[തിരുത്തുക] ആധുനിക സാഹിത്യം
- മുഖ്യ ലേഖനം: ആധുനിക മലയാളം സാഹിത്യം
പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാളം സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്പ്യന്‍ ഭാഷകള്‍ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികള്‍ വായിക്കുവാനും ലഭിച്ച അവസരങ്ങള്‍ സാഹിത്യപരമായ ചില നവോത്ഥാനചിന്തകള്‍ക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങള്‍ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരങ്ങള്‍, വാര്‍ത്താപത്രങ്ങള്‍ എന്നിവയുടെ ലഭ്യതയും ഈ വളര്‍ച്ചയ്ക്ക് സഹായകമായി വര്‍ത്തിച്ചു. കൊളോണിയല്‍ ഭരണകൂടങ്ങള്‍ നിഷ്കര്‍ഷിച്ച വിദ്യാഭ്യാസ വ്യവസ്ഥികള്‍ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിര്‍ണ്ണയിച്ചു.
ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമായിരുന്നു. പില്ക്കാലങ്ങളില് മലയാളം സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളില്‍ നിന്നു സാഹിത്യസൃഷ്ടികള്‍ വിവര്‍ത്തനം ചെയ്യുന്ന രീതി രാമവര്‍മ്മയുടെ കാലം മുതല്‍ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടര്‍ന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിന്‍ഗാമിയായിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരില്‍ ഒരാള്‍. ബെഞ്ചമിന്‍ ബെയ്ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികള്‍ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജെര്‍മന്‍ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തില്‍ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തില്‍ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണു്. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ആധുനിക സാഹിത്യത്തിന്റെ വ്യക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ല്‍ പൂര്‍ത്തിയാക്കി) , വോണ്‍ ലിംബര്‍ഗിന്റെ അക്ബറും വിവര്‍ത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റേയും രീതികള്‍ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. കേരളവര്‍മ്മയുടെ മാതുലനായ ഏ.ആര്.രാജരാജവര്‍മ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചാനാരീതികള്‍ക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആര് കാണിച്ചിരുന്ന എതിര്‍പ്പ് ആധുനിക സാഹിത്യത്തില്‍ ലളിതവത്കരിക്കപ്പെട്ട കവനരീതികള്‍ക്ക് തുടക്കമായിരുന്നു.
[തിരുത്തുക] പ്രാദേശിക രൂപങ്ങള്‍
കേരള സര്‍വകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ ഭാഷാഭേദ പഠനത്തില്‍ 12 പ്രാദേശിക ഭേദങ്ങള്‍ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. മലയാളത്തിനു തെക്കന്‍(തിരുവിതാംകൂര്‍), മധ്യകേരള(കോട്ടയം), തൃശ്ശൂര്‍, മലബാര്‍ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത്. ഇവ തന്നെ ഉച്ചാരണത്തില്‍ മാത്രമെ നിലനില്ക്കുന്നുള്ളു. അച്ചടി ഭാഷയില്‍ അധികമായ് കോട്ടയം രീതിയുടെ സ്വാധീനം കാണാം. ആദ്യകാല അച്ചുകൂടങ്ങള്‍ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം.
[തിരുത്തുക] അന്യഭാഷാ സ്വാധീനം
മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ്. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ് അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകള്‍ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങള്‍ മലയാളത്തില്‍ കാണാം. ആദികാലം തൊട്ടെ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും, ഉര്‍ദുവും, യൂറോപ്പിയന്‍ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നല്‍കിയിട്ടുണ്ട്.
[തിരുത്തുക] നുറുങ്ങുകള്‍
മലയാളം എന്നു മിക്ക ഭാഷയിലെഴുതിയാലും അതു മലയാളം എന്നു തന്നെ തിരിച്ചു വായിക്കാന്‍ സാധിക്കും(palindrom effect). ഉദാ: Malayalam
[തിരുത്തുക] അനുബന്ധം
[തിരുത്തുക] പഠനസഹായികള്‍
- കേരളപാണിനീയം - ഏ.ആര്.രാജരാജവര്‍മ്മ
- കേരള ചരിത്രം - രാഘവ വാരിയര്‍, രാജന് ഗുരുക്കള്‍
[തിരുത്തുക] അന്യപ്രതിപാദനങ്ങള്
മലയാളസാഹിത്യം - കേരള ഗവ. പബ്ലിക് റിലേഷന്‍സ്
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ | |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപൂരി • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
|