ചീറ്റപ്പുലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരയില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജീവിയാണ് മാര്‍ജാരവംശത്തില്‍(Felidae) പെട്ട ചീറ്റപ്പുലി(Acinonyx Jubatus). 500 മീറ്ററോളം 100 കി.മീ വേഗതയില്‍ ഓടാന്‍ ചീറ്റപ്പുലിക്കു സാധിക്കും. മാര്‍ജ്ജാരവംശത്തില്‍ കാണപ്പെടുന്ന ഇടത്തരം മൃഗമാണ് ചീറ്റപ്പുലികള്‍. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നത്. എന്നാലിന്ന് ഇന്ത്യയില്‍ ചീറ്റപുലികള്‍ക്ക് പൂര്‍ണ്ണവംശനാശം സംഭവിച്ചു കഴിഞ്ഞു. ഇറാനില്‍ 200 എണ്ണത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏതാനം ആയിരവും രണ്ടിടത്തും കുറഞ്ഞുവരുന്നതായാണ് പൊതുവേ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മനുഷ്യരോടു ഇണങ്ങിജീവിക്കാനും ഇവക്കു കഴിയും. സംസ്കൃതത്തിലെ 'ചിത്ര' (അര്‍ത്ഥം- പടം, അലങ്കരിക്കപ്പെട്ടത്, അത്ഭുതകരം) എന്ന വാക്കില്‍നിന്നാണ് ചീറ്റ എന്ന നാമം ഉത്ഭവിച്ചതെന്നു കരുതുന്നു.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
ചീറ്റപ്പുലികളെ സാധാരണ പുലികളില്‍ നിന്ന് തിരിച്ചറിയാന്‍ എളുപ്പം സാധിക്കും. ഉടലും കൈകാലുകളും വാലും മറ്റുള്ളവയെ അപേക്ഷിച്ച് നീളം കൂടിയവയാണ്. മഞ്ഞനിറമുള്ള ഉടലില്‍ കറുത്ത കുത്തുകളാവും ഉണ്ടാവുക. സാധാരണ പുലികളുടെ അടയാളങ്ങള്‍ ചന്ദ്രക്കല പോലെ ആയിരിക്കും. മേല്‍ച്ചുണ്ടില്‍ തുടങ്ങി കണ്ണിന്റെ മുകളില്‍ അവസാനിക്കുന്ന കറുത്ത പാട് ചീറ്റപ്പുലികളുടെ പ്രത്യേകതയാണ്.
മാര്‍ജ്ജാരകുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ(സിംഹം, കടുവ, പൂച്ച മുതലായവ) നഖങ്ങള്‍ പൂര്‍ണ്ണമായി പാദത്തിലേക്ക് വലിച്ചെടുക്കാന്‍ ചീറ്റപ്പുലിക്കു കഴിവില്ല. അതുപോലെ തന്നെ അലറാനും ചീറ്റപ്പുലികള്‍ക്ക് കഴിവില്ല. ചീറ്റപ്പുലികള്‍ പൂച്ചകള്‍ കുറുകുന്നതുപോലെ കുറുകത്തേയുള്ളു. പുറത്ത് നില്‍ക്കുന്ന നഖങ്ങള്‍ ചീറ്റകള്‍ക്ക് അതിവേഗത്തിലോടുമ്പോള്‍ നിലത്തു പിടുത്തം കിട്ടുവാനും, വളരെ ഉയര്‍ന്ന ത്വരണം(accelaration) നേടാനും സഹായിക്കുന്നു. അതിവേഗത്തില്‍ ഓടുമ്പോള്‍ ഒരു ചുവടില്‍ 8 മീറ്റര്‍ വരെ ദൂരം കടന്നു പോകുവാന്‍ ഇവക്കു കഴിയുന്നു. വഴക്കമുള്ള നട്ടെല്ലും, വലിപ്പമേറിയതും ശക്തിയേറിയതുമായ ശ്വാസകോശങ്ങളും, ഹൃദയവും, കൂടുതല്‍ രക്തം ഒരുസമയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള കരളും, ബലമേറിയതും നീണ്ടതുമായ പേശികളും ചീറ്റയെ ഓട്ടത്തില്‍ ഏറെ സഹായിക്കുന്നു.
പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ 65 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ചീറ്റപ്പുലികള്‍ക്ക് 1.35 മീറ്റര്‍ വരെ നീളമുണ്ടാകും. വാലിനും 85 സെന്റിമീറ്ററോളം നീളമുണ്ടാകും. ആണ്‍പുലികള്‍ക്ക് പെണ്‍പുലികളേക്കാള്‍ അല്‍പ്പം വലിപ്പക്കൂടുതലുണ്ടാകുമെങ്കിലും ഒറ്റക്കൊറ്റക്കു കാണുമ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
[തിരുത്തുക] ആവാസവ്യവസ്ഥകള്‍
പുല്‍മേടുകളും, ചെറുകുന്നിന്‍പ്രദേശങ്ങളും, കുറ്റിക്കാടുകളും ഇഷ്ടപ്പെടുന്ന ചീറ്റകള്‍ പകലാണ് ഇരതേടാനിറങ്ങുന്നത്. ജനിച്ചുവീണ പ്രദേശം ഇഷ്ടപ്പെടുന്ന ചീറ്റപ്പുലികള്‍ അവിടുന്നു പറിച്ചുമാറ്റപ്പെട്ടാല്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയമാറ്റങ്ങള്‍ വരെ ഈ ജീവിവംശത്തെ കനത്തരീതിയില്‍ പ്രതികൂലമായി ബാധിക്കുന്നു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് ഇന്നു ചീറ്റപ്പുലികള്‍ പ്രധാനമായുള്ളത്. അവിടെതന്നെ മധ്യ ആഫ്രിക്കയിലാണ് ചീറ്റപ്പുലികളെ കൂടുതല്‍ കണ്ടുവരുന്നത്. 100 വര്‍ഷം മുമ്പുവരെ ആഫ്രിക്ക മുതല്‍ ദക്ഷിണേന്ത്യ വരെ ചീറ്റകളെ കണ്ടിരുന്നു.
സിംഹങ്ങളും, കഴുതപ്പുലികളും ചീറ്റപ്പുലികള്‍ക്ക് എതിരാളികളാണ്. കുട്ടിചീറ്റപ്പുലികളെ സിംഹങ്ങളും കഴുതപ്പുലികളും ആക്രമിക്കുന്നതുകൊണ്ടുമാത്രമല്ല, ചീറ്റപ്പുലികള്‍ വേട്ടയാടിപ്പിടിക്കുന്ന ഇരയേയും ഇവ തട്ടിയെടുക്കും. അതുകൊണ്ടുതന്നെ പിടിക്കുന്ന ഭക്ഷണം ചീറ്റപ്പുലികള്‍ പെട്ടന്നു ഭക്ഷിക്കുന്നു. പോരാടിനില്‍ക്കാനും പോരാടി ഇരപിടിക്കാനുമുള്ള കഴിവ് ചീറ്റപ്പുലികള്‍ക്ക് കുറവാണ്. ഒരു ഇരയെ കുറച്ചുദൂരമോടിച്ചിട്ടു കിട്ടിയില്ലങ്കില്‍ ചീറ്റപ്പുലികള്‍ ആ ഇരയെ ഉപേക്ഷിക്കുകയും മറ്റൊന്നിനെ തിരയുകയും ചെയ്യുന്നു.
[തിരുത്തുക] ഉപവംശങ്ങള്‍
ഇന്നു ഭൂമിയില്‍ അഞ്ചിനം ചീറ്റകളാണ് അവശേഷിക്കുന്നത്. അതില്‍ നാലെണ്ണം ആഫ്രിക്കയില്‍ കാണപ്പെടുന്നു. അവശേഷിക്കുന്ന ഒരെണ്ണം ഇറാനിയന്‍ ചീറ്റ(Acinonyx jubatus venaticus) അറിയപ്പെടുന്ന ഇറാനില്‍ ജീവിക്കുന്നവയാണ്. ഇറാനിയന്‍ ചീറ്റ വംശനാശത്തിന്റെ വക്കിലാണ്.
1926-ല്‍ ടാന്‍സാനിയയില്‍ തിരിച്ചറിഞ്ഞ രാജകീയ ചീറ്റകള്‍ പക്ഷെ മറ്റൊരു ഉപവംശമല്ല അവ ചെറിയ ജനിതക വ്യതിയാനം മൂലമുണ്ടായവയാണെന്നാണ് ജീവശാസ്ത്രകാരന്മാരുടെ അഭിപ്രായം.
ആഫ്രിക്കയില്‍ തന്നെ രോമാവൃതമായ ശരീരത്തോടുകൂടിയ ചീറ്റകളും ജീവിച്ചിരുന്നിരുന്നു എന്ന് കരുതുന്നു.
യൂറോപ്പിലും ഒരു ചീറ്റഉപവംശം(Acinonyx pardinensis) ജീവിച്ചിരുന്നിരുന്നതായി കരുതുന്നു.
1608-ല്‍ മുഗള്‍രാജവംശത്തിലെ ജഹാംഗീര്‍ ചക്രവര്‍ത്തി തനിക്ക് മങ്ങിയനിറമുള്ള ചീറ്റയെ കാഴ്ചകിട്ടിയിട്ടുണ്ട് എന്ന് തന്റെ ആത്മകഥയായ തുസുക്-ഇ-ജഹാംഗീരിയില്‍ പറയുന്നുണ്ട്.
[തിരുത്തുക] ഇന്ത്യന്‍ ചീറ്റ
മറ്റൊരു ഉപവിഭാഗം മാത്രമാണെങ്കിലും ഇന്ത്യന്‍ ചീറ്റപ്പുലികളെ(Acinonyx intermedius) വേറിട്ടു തന്നെ ആണ് കണക്കാക്കിപോരുന്നത്. രണ്ടായിരം കൊല്ലം മുന്‍പുതന്നെ ഇന്ത്യയില്‍ ചീറ്റപ്പുലികളെ ഇണക്കിവളര്‍ത്തിയിരുന്നു. മുഗള്‍ ഭരണകാലത്ത് ഈ വിനോദം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി. അക്ബര്‍ 9000 ചീറ്റകളെ ഇണക്കി വളര്‍ത്തിയിരുന്നു. നായാട്ടില്‍ സാമര്‍ഥ്യം കാട്ടിയിരുന്ന ചീറ്റകളെ ബഹുമതികള്‍ നല്‍കി ആദരിക്കുക കൂടി ചെയ്തു. എന്നിരുന്നാലും രാജാക്കന്മാര്‍ തങ്ങളുടെ വീര്യം കാണിക്കാനായി ചീറ്റകളെ വേട്ടയാടി കൊല്ലുകയും ചെയ്തിരുന്നു.
ബ്രിട്ടീഷ് ഭരണമായിരുന്നപ്പോഴേക്കും ചീറ്റകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നിരുന്നാലും ചീറ്റകളെ വെടിവച്ചു കൊല്ലുന്നത് ധീരതയായി വെള്ളക്കാര്‍ കരുതി. ഇന്ത്യന്‍ ചീറ്റപ്പുലി എന്നാണ് അന്യംനിന്നത് എന്നത് കൃത്യമായി രേഖകളില്‍ ഇല്ല. 1947-ല്‍ മധ്യപ്രദേശില്‍ മൂന്നെണ്ണത്തെ വെടിവച്ചു കൊന്നതാണ് അറിയപ്പെടുന്നതില്‍ അവസാനത്തേത്. 1990 കളില്‍ ഉത്തരേന്ത്യയിലും പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലും ചീറ്റകളെ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പുല്‍മേടുകള്‍ തീവച്ചും കൃഷിക്കായും നശിപ്പിച്ചതും, ഇണക്കിവളര്‍ത്താന്‍ പിടിച്ചതു കൊണ്ടും, വേട്ടയാടി കൊന്നതുകൊണ്ടതുമെല്ലാം ഇന്ത്യന്‍ ചീറ്റപ്പുലികള്‍ ഇന്നു കുറേ ചരിത്രപരാമര്‍ശങ്ങളിലും, ചിത്രങ്ങളിലും അവശേഷിക്കുന്നു.
[തിരുത്തുക] കൂടുതല്‍ അറിവിന്
- http://www.cheetah.org/
- http://www.wildanimalsonline.com/mammals/cheetah.php
- വിക്കിമീഡിയ കോമണ്‍സ്(ചിത്രങ്ങള്‍)
മാര്‍ജ്ജാര വംശം | |
---|---|
കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ | ജാഗ്വാര്‍ | കരിമ്പുലി | കൂഗര്‍ | കാട്ടുപൂച്ച | നാട്ടുപൂച്ച | |
മിശ്രവംശങ്ങള്‍ | |
ടൈഗണ്‍ | ലൈഗര്‍ |