പറയിപെറ്റ പന്തിരുകുലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യ പണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു പറയ സമുദായത്തില്‍പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥര്‍ എടുത്തുവളര്‍ത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കര്‍മ്മമണ്ഡലങ്ങളില്‍ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകള്‍ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്‍കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിന്‍ബലത്തോടെ മലബാറിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത ഇവരില്‍ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികള്‍ ആയിരുന്നു. തങ്ങള്‍ മലബാറിലെത്തുന്നതിനുമുന്‍പ് വ്യത്യസ്ത സംസ്കാരങ്ങളിലുമുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴികിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശിയരുടെ എതിര്‍പ്പിനെ തണുപ്പിക്കാനുമുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത്. [1]
ഉജ്ജയിനിയിലെ (മധ്യപ്രദേശ്) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണന്‍[2]. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം[3]. ഒരിക്കല്‍ വിക്രമാദിത്യമഹാരാജാവ് തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ട്, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യന്‍ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നല്‍കി.
നാല്‍പ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആല്‍മരച്ചുവട്ടിലിരിക്കേ രണ്ടു വനദേവതമാര്‍ തമ്മിലുള്ള സംസാരം കേള്‍ക്കാനിടയായി. അടുത്തുള്ള പറയക്കുടിലില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചിട്ടുണ്ട് അവളുടെ ഭാവി വരനാവുന്നത് “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു അവര്‍ പറഞ്ഞത്. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ
രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം |
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാര്‍ പറഞ്ഞത്. ഇതു കേട്ട് വരരുചി വിക്രമാദിത്യ സദസ്സില്‍ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തില്‍ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുന്‍പ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അര്‍ത്ഥം. ഇതില്‍ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട് പരിഭ്രാന്തനായ വരരുചി ആ പെണ്‍കുഞ്ഞിനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. ഈ പെണ്‍കുഞ്ഞ് ജീവിച്ചിരിക്കുന്നത് രാജ്യത്തിന് ആപത്താണ് എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെണ്‍കുഞ്ഞിനെ നെറ്റിയില്‍ തീപന്തം തറച്ച് വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ നദിയിലൊഴുക്കിയാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. രാജകല്‍പനപ്രകാരം ഭടന്മാര്‍ വരരുചിയുടെ ഇംഗിതം നടപ്പാക്കി.
അന്യജാതിയില്‍ പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാന്‍ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തില്‍ എത്തി. വര്‍ഷങ്ങള്‍കഴിഞ്ഞ് തന്റെ യാത്രക്കിടയില്‍ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയന്‍ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതല്‍ കഴിക്കാന്‍ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാന്‍ പോകുന്നതിനു മുന്‍പായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോള്‍ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താന്‍ കഴിക്കുന്നതിനു മുന്‍പായി നൂറു പേര്‍ക്ക് ഭക്ഷണം നല്‍കണമെന്നും, ഭക്ഷണത്തിന് നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാല്‍ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാല്‍ നാലുപേര്‍ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകള്‍ കേട്ട് സ്തബ്ധനായി നിന്ന ബ്രാഹ്മണനോട് വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളില്‍ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.
വളരെ ബുദ്ധിമതിയായ ആ യുവതിക്ക് വരരുചിയുടെ ആവശ്യങ്ങളുടെ പൊരുള്‍ മനസ്സിലായിരുന്നു. വീരാളിപ്പട്ട് വേണം എന്ന ആവശ്യം ഊണിനു ശേഷം തനിക്കൊന്നു കിടക്കണം എന്നതാണെന്നും, നൂറുപേര്‍ക്ക് ഭക്ഷണം നല്‍കണമെന്ന ആവശ്യം അദ്ദേഹത്തിന് തര്‍പ്പണം ചെയ്യണം (പിതൃ തര്‍പ്പണത്തിലൂടെ പിതാമഹന്മാരുടെ നൂറുകണക്കിന് ആത്മാക്കള്‍ തൃപ്തരാവും എന്നാണ് ഹൈന്ദവ വിശ്വാസം) എന്നാണെന്നും ആ യുവതി അച്ഛനു വിവരിച്ചുകൊടുത്തു. കൂടാതെ നൂറ്റൊന്നു കറി വേണം എന്ന ആവശ്യം ഇഞ്ചിക്കറിയെപ്പറ്റിയാണെന്നും, മൂന്നുപേരെ തിന്നണം എന്നത് വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടി മുറുക്കണം എന്നാണെന്നും, നാലു പേര്‍ ചുമക്കണം എന്നത് പറഞ്ഞത് കിടക്കാന്‍ കട്ടില്‍ വേണം എന്നാണെന്നും ആ യുവതി മനസ്സിലാക്കിയിരുന്നു.
യുവതിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ് ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകള്‍ക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയില്‍ ഒരു മുറിവിന്റെ പാട് കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളര്‍ത്തിയതാണെന്നും മനസ്സിലായി. അപ്പോള്‍ വരരുചി പഴയ കഥകള്‍ ഓര്‍മ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച വരരുചി താന്‍ ചെയ്ത പാപങ്ങള്‍ക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത് തീര്‍ഥയാത്രയ്ക്കൂ പോകാന്‍ തീരുമാനിച്ചു.
ഈ യാത്രയ്ക്കിടയില്‍ വരരുചിയുടെ ഭാര്യ ഗര്‍ഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട് എന്നു മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോകാം എന്നായിരുന്നു വരരുചിയുടെ നിര്‍ദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാന്‍ മടിച്ചുനിന്ന ഭാര്യയോട്, വായ കീറിയ ഈശ്വരന്‍ വായ്ക്ക് ഇരയും കല്‍പിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാത്രയില്‍ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികള്‍ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തില്‍ വരെ ആവര്‍ത്തിക്കപ്പെട്ടു. അതിനാല്‍ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തില്‍, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന് ആ അമ്മ ഇല്ല എന്നു മറുപടി നല്‍കി. എന്നാല്‍ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിര്‍ദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാല്‍ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളില്‍ പ്രതിഷ്ഠിക്കുകയും അവന്‍ പിന്നീടു "വായില്ലാക്കുന്നിലപ്പന്‍" എന്ന് അറിയപ്പെടുകയും ചെയ്തു.
ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികള്‍ എടുത്തുവളര്‍ത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ് പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്.
[തിരുത്തുക] അംഗങ്ങള്‍
[തിരുത്തുക] മേഴത്തോള്‍ അഗ്നിഹോത്രി
പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യ സന്തതിയാണ് മേഴത്തോള്‍ അഗ്നിഹോത്രി(മേഴത്തോള്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, മേളത്തോള്‍ അഗ്നിഹോത്രി എന്നും അറിയപ്പെടുന്നു). പാലക്കാട്ടെ തൃത്താലയിലുള്ള വേമഞ്ചേരി മനയിലെ ഒരു അന്തര്‍ജ്ജനം(നമ്പൂതിരി സ്ത്രീ) നിളാ തീരത്തുനിന്നും എടുത്തുവളര്‍ത്തിയ കുട്ടിയാണ് പിന്നീട് തൊണ്ണൂറ്റൊമ്പത് അഗ്നിഹോത്രയാഗങ്ങള്‍ ചെയ്ത് അഗ്നിഹോത്രി എന്ന പദവി നേടിയത് എന്നു കരുതപ്പെടുന്നു. വരരുചിയുടെ ശ്രാദ്ധ കര്‍മ്മങ്ങള്‍ക്കായി പന്തിരുകുലത്തിലെ, വായില്ലാക്കുന്നിലപ്പന്‍ ഒഴികെ ബാക്കിയെല്ലാവരും അഗ്നിഹോത്രിയുടെ മനയില്‍ ഒത്തുചേര്‍ന്നിരുന്നുവെന്നാണ് ഐതിഹ്യം. കേരളത്തില്‍ ബുദ്ധ-ജൈന കാലഘട്ടങ്ങള്‍ക്കു ശേഷം ക്ഷയിച്ച ഹിന്ദുമതത്തെ പുനരുദ്ധരിച്ചത് മേളത്തോള്‍ അഗ്നിഹോത്രി ആണെന്നും കരുതപ്പെടുന്നു.
[തിരുത്തുക] പാക്കനാര്‍
ഈ കുലത്തിലെ രണ്ടാമനായ പാക്കനാരെ പറയ സമുദായത്തില്‍പെട്ട മാതാപിതാക്കളാണ് എടുത്തുവളര്‍ത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. തൃത്താലയിലെ മേഴത്തോള്‍ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയില്‍ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാര്‍ കോളനി അഥവാ ഈരാറ്റിങ്കല്‍ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയില്‍ പെട്ടവര്‍ 18 വീടുകളിലായി ഈ കോളനിയില്‍ താമസിക്കുന്നു. ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവന്‍ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കള്‍ ആയി വാഴിച്ചത് പാക്കനാര്‍ ആണെന്നു കരുതപ്പെടുന്നു.
[തിരുത്തുക] രജകന്‍
വരരുചിയാല്‍ ഉപേക്ഷിക്കപ്പെട്ട അടുത്ത ശിശുവിനെ നിളാതീരത്ത് താമസിച്ചിരുന്ന ഒരു അലക്കുകാരനാണ് എടുത്തുവളര്‍ത്തിയതെന്ന് കരുതപ്പെടുന്നു. അഞ്ച് പെണ്മക്കള്‍ മാത്രമുണ്ടായിരുന്ന ആ അലക്കുകാരന്‍ തനിക്കു ലഭിച്ച ആണ്‍കുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച് രജകന്‍ എന്ന് നാമകരണവും ചെയ്ത് വളര്‍ത്തി എന്നാണ് ഐതിഹ്യം. വൈദിക വിദ്യാലയം എന്ന വേദപാഠശാല രജകന്‍ സ്ഥാപിച്ചു. കടവല്ലൂരിലെ ഈ സ്ഥാപനമാണ് പിന്നീട് വേദപഠനത്തിന്റെ മാറ്റു നോക്കുന്ന പ്രധാന കേന്ദ്രമായ കടവല്ലൂര്‍ അന്യോന്യത്തിന്റെ കേന്ദ്രമായി മാറിയത്. രജകനും അദ്ദേഹത്തിന്റെ ഗുരുവായ കുമാരിലഭട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പൂര്‍വ്വമീമാംസ രണ്ട് ശാഖകളായി പിരിഞ്ഞ് രജകന്റെ പ്രഭാകര ചിന്താധാരയും കുമാരിലഭട്ടന്റെ ഭട്ട ചിന്താധാരയും ആയി മാറി. ഭട്ട-ചിന്താധാരയായിരുന്നു കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലായത്. കാലക്രമേണ രജകന്റെ വിദ്യാലയം നാമാവശേഷമാവുകവും തൃശ്ശൂര്‍, തിരുനാവായ വിദ്യാപീഠങ്ങള്‍ കടവല്ലൂര്‍ അന്യോന്യം ഏറ്റെടുക്കുകയും ചെയ്തു.

[തിരുത്തുക] നാറാണത്തുഭ്രാന്തന്‍
നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീരത്തുണ്ടായിരുന്ന നാരായണമംഗലത്തുമനയിലാണ് ഈ കുലത്തിലെ അടുത്ത സന്തതിയെ ലഭിക്കുന്നത്. ബ്രാഹ്മണരുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ പൊതുവേ വൈമനസ്യമുണ്ടായിരുന്നവനായ ഈ കുട്ടിയില്‍ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചുടലക്കാട്ടില്‍ അന്തിയുറങ്ങുകയും, മലമുകളിലേക്ക് വലിയ പാറ ഉരുട്ടിക്കയറ്റി തിരിച്ചു താഴ്‌വാരത്തേക്ക് ഉരുട്ടിവിടുന്നതും അദ്ദേഹത്തിന്റെ രീതികളായിരുന്നു. ഇദ്ദേഹത്തിന് ജ്യോതിഷവിദ്യയില്‍ അപാര പാണ്ഡിത്യമുണ്ടായിരുന്നു.പന്തിരുകുലത്തിലെ മറ്റംഗങ്ങളേപ്പോലെ ഒരു അവതാരപുരുഷനായാണ് നാറാണത്ത് ഭ്രാന്തനേയും കരുതിപ്പോരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാറാണത്തു ഭ്രാന്തന്‍ എന്ന ലേഖനം കാണുക.
[തിരുത്തുക] കാരയ്ക്കലമ്മ
കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോള്‍ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്
[തിരുത്തുക] അകവൂര്‍ ചാത്തന്‍
ആലുവയിലെ വെള്ളാരപ്പള്ളിയിലെ അകവൂര്‍ മനയിലെ കാര്യസ്ഥനായിരുന്ന അകവൂര്‍ ചാത്തനെ എടുത്തുവളര്‍ത്തിയത് ചെറുമ വിഭാഗത്തില്‍ പെടുന്നവരാണെന്നു വിശ്വസിക്കപ്പെടുന്നു. വളരേയേറെ സിദ്ധികളുണ്ടായിരുന്ന അകവൂര്‍ ചാത്തനെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. പന്തിരുകുലത്തിലെ വ്യാസനായി ചാത്തനെ കരുതുന്നു.
[തിരുത്തുക] വടുതല നായര്‍
വടുതല നായര്‍ ആയോധനകലകളില്‍ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താലയിലുള്ള, കുണ്ടൂലി നായര്‍ കുടുംബത്തില്‍ പെട്ടവരാണ് അദ്ദേഹത്തെ എടുത്തുവളര്‍ത്തിയതെന്നുമാണ് പരക്കേയുള്ള വിശ്വാസം.
[തിരുത്തുക] വള്ളോന്‍
പറയി പെറ്റ പന്തീരുകുലത്തിലെ നാലാമത്തെ അംഗമായിരുന്നു വള്ളോന്‍. വള്ളോനെ വളര്‍ത്തിയത് വള്ളക്കാരനായ കാട്ടുമാടനായിരുന്നു എന്നു പറയപ്പെടുന്നു. പക്ഷെ വള്ളുവന് അസാധാരണ പാണ്ഡിത്യം ഉണ്ടായിരുന്നു. തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ കര്‍ത്താവുമായ തിരുവള്ളുവര്‍ പന്തിരുകുലത്തിലെ വള്ളോന്‍ ആണെന്നു വിശ്വസിക്കപ്പെടുന്നു. പരമ്പര്യമായി വള്ളുവര്‍ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന അദ്ധ്യാപകരും ജ്യോതിശാസ്ത്ര വിശാരദരും മന്ത്രവാദികളും വൈദ്യരുമാണ്.
[തിരുത്തുക] ഉപ്പുകൂറ്റന്‍
വരരുചിയുടെ തീര്‍ത്ഥയാത്രക്കിടയില്‍ പൊന്നാനിയില്‍ വച്ചാണ് ഉപ്പുകൂറ്റന്‍ ജനിച്ചതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ എടുത്തുവളര്‍ത്തിയത് മുസ്ലിം സമുദായത്തില്‍ പെട്ട മാതാപിതാക്കളാണെന്നാണ് കരുതപ്പെടുന്നത്.അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയില്‍ വളരെയേറെ സുലഭമായ ഉപ്പ് കൊണ്ടു വരികയും പകരം പൊന്നാനിയില്‍ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തികൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റന്‍ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു. മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അര്‍ത്ഥങ്ങള്‍ ഈ വ്യാപാരത്തില്‍ കാണാനാകും
[തിരുത്തുക] പാണനാര്‍
പറയിപെറ്റ പന്തീരുകുലത്തിലെ എട്ടാമത്തെ ആള്‍ ആണ് പാണനാര്‍. പാണനാരെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവളര്‍ത്തിയത്. പാണനാര്‍ക്ക് ശിവ-പാര്‍വതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറപ്പെടുന്നത്. തുകിലുണര്‍ത്തല്‍ പാടുന്നത് പാണന്മാരാണ്. തമിഴ് വ്യാകരണ ഗ്രന്ഥമായ തോല്‍ക്കാപ്പിയം, ശങ്കര കാലഘട്ടത്തിലെ കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് എന്നിവയില്‍ പാണനാരെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കേരളത്തിലെ വടക്കന്‍ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമര്‍ശിക്കുന്നു.
[തിരുത്തുക] ഉളിയന്നൂര്‍ പെരുന്തച്ചന്‍
ഉളിയന്നൂരിലെ ഒരു തച്ചന്‍(മരപ്പണിക്കാരന്‍) എടുത്തുവളര്‍ത്തിയ ഈ പരമ്പരയിലെ പുത്രനായിരുന്നു തച്ചുശാസ്ത്രത്തില്‍ അതിവിദഗ്ധനായിരുന്ന ഉളിയന്നൂര്‍ പെരുന്തച്ചന്‍ എന്നാണ് ഐതിഹ്യം.കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.
[തിരുത്തുക] വായില്ലാക്കുന്നിലപ്പന്‍
വായില്ലാത്തവനായിത്തീര്‍ന്ന ഈ പുത്രനെ വരരുചി ഒരു മലമുകളില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. വായില്ലാക്കുന്നിലപ്പന്‍ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തില്‍ പിന്മുറക്കാര്‍ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന സ്ഥലത്ത് തിരുവാഴിയോട് എന്ന ക്ഷേത്രത്തിലാണ് വായില്ലാക്കുന്നിലപ്പനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. [4]
[തിരുത്തുക] പറയി പെറ്റ പന്തിരുകുലം - സാഹിത്യത്തില്‍
മലയാളത്തില്‍ ഈ ഐതീഹ്യത്തെ കുറിച്ച് പല പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെ ചേര്‍ക്കുന്നു.
- ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
- ഇന്നലത്തെ മഴ - എന്‍. മോഹനന്‍ (കറന്റ് ബുക്സ്, തൃശ്ശൂര്‍ (1999))
- അഗ്നിഹോത്രം - കെ.ബി. ശ്രീദേവി
- പറയിപെറ്റ പന്തിരുകുലം (കുട്ടികളുടെ നോവല്‍) - പി. നരേന്ദ്രനാഥ് (പ്രഭാത് ബുക്ക് ഹൌസ്, തിരുവനന്തപുരം)
- പറയിപെറ്റ പന്തിരുകുലം (ബാലസാഹിത്യം) - എ.ബി.വി. കാവില്‍പ്പാട് (എച്ച്.& സി. പബ്ലിഷിംഗ് ഹൌസ്, തൃശ്ശൂര്‍)
- പറയിപെറ്റ പന്തിരുകുലം (കവിത) - ഡോ. ടി. ഗോവിന്ദന്‍ നായര്‍, മദ്രാസ്
- ഡോ. രാജന്‍ ചുങ്കത്ത്, പ്രൊഫ. വി.എം.എന്‍. നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് എഴുതിയ ലേഖനങ്ങള്‍. ഇംഗ്ലീഷ് വിവര്‍ത്തനം - വി.എം.എന്‍. നമ്പൂതിരിപ്പാട്
- പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍ - ഡോ. രാജന്‍ ചുങ്കത്ത് എഴുതിയ പുസ്തകം (പഠനം).[5]
ആര്‍ട്ടിസ്റ്റ് നമ്പൂതിരി ലോഹപാളികളില്‍ ഈ ഐതീഹ്യത്തിലെ പല രംഗങ്ങളും കൊത്തി ഉണ്ടാക്കി. ഇവ 2004-ല്‍ കോഴിക്കോട് പ്രദര്‍ശിപ്പിച്ചിരുന്നു.[6]
- മധുസൂദനന്‍ നായരുടെ പ്രശസ്തമായ കവിത “നാറാണത്തു ഭ്രാന്തന്‍” പറയിപെറ്റ പന്തിരുകുലത്തിനെ പരാമര്‍ശിക്കുന്നു. വായില്ലാക്കുന്നിലപ്പന്‍ ഒഴികെ ഉള്ളവര്‍ വരരുചിയുടെ ശ്രാദ്ധത്തിന് മേളത്തോള്‍ അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തുചേരുന്ന ഭാഗം ശ്രദ്ധിക്കുക.
ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടങ്ങള്‍ ചേട്ടന്റെ ഇല്ലപ്പറമ്പില്‍
ചാത്തനും പാണനും പാക്കനാരും, പെരുംതച്ചനും നായരും വള്ളുവോനും |
[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
- ↑ കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്‍റെ ചരിത്രം - നിത്തുകളും യാഥാര്‍ഥ്യങ്ങളും. ഏട് 26., മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
- ↑ vikramaadithya. ശേഖരിച്ച തീയതി: 2006-12-04.
- ↑ http://www.namboothiri.com/articles/agnihothri.htm
- ↑ http://valluvanad.bravepages.com/V_Vayilya.htm
- ↑ http://www.hindu.com/2005/07/08/stories/2005070801990200.htm
- ↑ http://www.hindu.com/2004/03/18/stories/2004031802800300.htm