പൊന്‍കുന്നം വര്‍ക്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്‍കുന്നം വര്‍ക്കി (ജൂലൈ 1, 1911 - 2004) മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്നു. മലയാള സാഹിത്യത്തില്‍ പുരോഹിതവര്‍ഗ്ഗത്തിന്റെയും അധികാരപ്രഭുക്കളുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ രോഷത്തിന്‍റെ വിത്തുപാകിതയായിരുന്നു വര്‍ക്കിയുടെ രചനകള്‍. ജീവിതാവസാനംവരെ താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസിങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. ജീവിതത്തിന്‍റെ മധ്യാഹ്നംവരെയേ എഴുതിയുള്ളെങ്കിലും വര്‍ക്കി മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണ്.
[തിരുത്തുക] ജീവിതരേഖ
ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് വര്‍ക്കി ജനിച്ചത്. 1917-ല്‍ കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്ക് കുടുംബത്തോടൊപ്പം താമസംമാറി. മലയാളഭാഷയില്‍ ഹയര്‍, വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം അധ്യാപകനായി. 'തിരുമുല്‍ക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ് വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939-ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
വര്‍ക്കിയുടെ രചനകള്‍ താമസിയാതെ രോഷത്തിന്‍റെ കനലുകള്‍വിതച്ചുതുടങ്ങി. അദ്ദേഹത്തിന്‍റെ കഥകള്‍ മതമേലധ്യക്ഷന്മാരെയും അധികാരവര്‍ഗ്ഗത്തെയും വിളറിപിടിപ്പിച്ചു. കഥകള്‍ എഴുതിയതിന്‍റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍നിന്നു പുറത്താക്കി. തിരുവതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്‍റെ പേരില്‍ 1946-ല്‍ ആറുമാസം ജയിലില്‍ക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക് കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെയും നാഷണല്‍ ബുക്ക് സ്റ്റാളിന്‍റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എക്സിക്യുട്ടീവ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു.
അമിതമായ മദ്യപാനത്തിനടിമായയിരുന്ന വര്‍ക്കി, ജീവിതത്തിന്‍റെ അവസാന പകുതിയില്‍ തൂലിക അധികം ചലിപ്പിച്ചില്ല. പൊന്‍കുന്നത്തെ വീട്ടില്‍ സുഹൃത്തുക്കളും മദ്യവുമായി അദ്ദേഹം കഴിച്ചുകൂട്ടി. ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ വന്ന സംഭാഷണങ്ങളോ ലേഖനങ്ങളോ മാത്രമായിരുന്നു ഇക്കാലത്ത് അദ്ദേഹത്തിന്‍റെ സംഭാവന. എന്നിരുന്നാലും താന്‍ തുടങ്ങിവച്ച പുരോഗമന സാഹിത്യ സംരംഭങ്ങള്‍ക്ക് അദ്ദേഹം ജീവിതാവസാനംവരെ ഊര്‍ജ്ജം പകര്‍ന്നു. 2004-ല്‍ പാമ്പാടിയിലുള്ള വസതിയില്‍ മരണമടഞ്ഞു.