ചിത്രശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രശലഭം, പൂമ്പാറ്റ, എന്നീ പേരുകളുള്ള ഈ ഷഡ്‌പദം പ്രാണിലോകത്തെ സൌന്ദര്യമുള്ള ജീവികളാണ്. ആംഗലേയഭാഷയില്‍ ഇവയ്ക്ക് ബട്ടര്‍ഫ്ലൈ എന്നാണ് പേര്. മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചിത്രശലഭങ്ങള്‍ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ല്‍ ഫ്രാന്‍സില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തല്‍.
ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ(Phylum) ആര്‍ത്രോപോഡ (Arthropoda) യിലെ ഇന്‍സെക്റ്റ (Insecta) എന്ന വിഭാഗത്തില്‍ ലെപിഡോപ്റ്റീറ (Lepidoptera) എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങള്‍ വരുന്നത്. ശല്‍ക്കങ്ങള്‍ എന്നര്‍ത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നര്‍ത്ഥം വരുന്ന പ്റ്റീറോണ്‍ (Pteron) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്. [1]. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയന്‍സ്(aurelians) എന്നു വിളിക്കുന്നു. [2]
ശാന്ത മഹാസമുദ്രത്തിലെ ന്യൂഗിനി ദ്വീപുകളില്‍ കാണപ്പെടുന്ന ക്വീന്‍ അലക്സാന്‍ഡ്രാ ബേഡ് വിങ്ങ് ചിത്രശലഭം കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളില്‍ ഏറ്റവും വലുതെന്നു കരുതപ്പെടുന്നു. വിടര്‍ത്തിവച്ച ചിറകുകളുടെ ഒരറ്റം മുതല്‍ അടുത്ത അറ്റം വരെ 28 സെ.മീ. ആയിരിക്കും ഇവയ്ക്കുണ്ടാവുക. കിഴക്കേ ആഫ്രിക്കയില്‍ കണ്ടുവരുന്ന ഡ്വാര്‍ഫ് ബ്ലൂ ചിത്രശലഭം ഏറ്റവും ചെറുതെന്നും കരുതപ്പെടുന്നു. വെറും പത്തുമില്ലീഗ്രാം ഭാരമുള്ള ഇവയുടെ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം 14 മില്ലീമീറ്റര്‍ മാത്രമാണ്.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
ചിത്രശലഭങ്ങള്‍ കാഴ്ചയില്‍ നല്ല ഭംഗിയുള്ള, ശല്‍ക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാന്‍ കഴിവുള്ള ഒരു ഷഡ്‌പദമാണ്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ ഭക്ഷണം.
[തിരുത്തുക] ശരീരഭാഗങ്ങള്‍
ഇവയ്ക്ക് ആറു കാലുകളും, മൂന്നു ഭാഗങ്ങളുള്ള ശരീരവും ( ശിരസ്സ്, തോറാക്സ്(thorax) എന്ന് പറയുന്ന വക്ഷസ്സ്, പിന്നെ ഉദരഭാഗം എന്നിവയാണ് ശരീരത്തിന്റെ മൂന്നു ഭാഗങ്ങള്‍ ), ഒരു ജോഡി ആന്റിന(antenna) അഥവാ ശൃംഗികയും, സംയുക്ത നേത്രങ്ങളും (compound or multifaceted eyes), ബാഹ്യാസ്ഥികൂടവും(exoskeleton), രണ്ടു ജോടി ചിറകുകളും ഉണ്ട്.
ചിത്രശലഭങ്ങളുടെ ശരീരം വളരെ ചെറിയ സംവേദനശേഷിയുള്ള രോമങ്ങളാല്‍ മൂടപ്പെട്ടിരിക്കും. ഇവയുടെ ചിറകുകളും കാലുകളും വക്ഷസ്സ് അഥവാ തോറാക്സില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. തോറാക്സിനുള്ളിലെ പേശികളാണ് ചിറകുകളും കാലുകളും ചലിപ്പിക്കാനുള്ള ശേഷി ചിത്രശലഭങ്ങള്‍ക്ക് നല്‍കുന്നത്. ചിത്രശലഭങ്ങളുടെ സംയുക്തനേത്രങ്ങളില്‍ 17000 കാചങ്ങള്‍(Lens) വരെയുണ്ടാകുമെങ്കിലും മങ്ങിയരൂപങ്ങള്‍ മാത്രമേ അവയ്ക്ക് കാണാനാവൂ. എങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പെട്ടന്നു ദൃഷ്ടിയില്‍ പെടുന്നതുകൊണ്ട് അപകടഘട്ടങ്ങളില്‍ അതിവേഗം രക്ഷപെടാന്‍ കഴിയും. സ്പര്‍ശകങ്ങളാണ് ചിത്രശലഭങ്ങള്‍ക്ക് മണം പിടിക്കാനും പറക്കുമ്പോഴും മറ്റും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും സഹായകമാവുന്നത്. തലയുടെ വായഭാഗത്ത് ചുരുട്ടിസൂക്ഷിക്കാറുള്ള തുമ്പിക്കൈ ഉപയോഗിച്ചാണ് ചിത്രശലഭങ്ങള്‍ തേന്‍ കുടിക്കുന്നത്.
[തിരുത്തുക] ബട്ടര്‍ഫ്ലൈ എന്ന പേരിന്റെ ഉത്ഭവം
ആംഗലേയഭാഷയില്‍ ബട്ടര്‍ഫ്ലൈ എന്ന പേരു വന്നതിന്റെ പിന്നില്‍ ഒരുപാട് കഥകള്‍ നിലവിലുണ്ട്. ഒരു കഥ ഇങ്ങനെയാണ് തെക്കന്‍ യൂറോപ്പില്‍ വസന്തകാലത്ത് പ്രത്യക്ഷപ്പെടുന്ന ബ്രിംസ്റ്റോണ്‍ (Brimstone) എന്നയിനം ശലഭങ്ങളുടെ കൂട്ടപ്പറക്കല്‍ കണ്ടപ്പോള്‍ ബട്ടര്‍ (butter,ബട്ടര്‍ എന്നാല്‍ വെണ്ണ) ഫ്ലൈ(fly, ഫ്ലൈ എന്നുവച്ചാല്‍ പറക്കുക) ചെയ്യുന്നതുപോലെ ആളുകള്‍ക്കു തോന്നി. ബ്രിംസ്റ്റോണ്‍ ചിത്രശലഭങ്ങള്‍ക്ക് വെണ്ണയുടെ നിറമാണ്. ഇങ്ങനെ ചിത്രശലഭങ്ങള്‍ക്ക് ബട്ടര്‍ഫ്ലൈ എന്നു പേരു വന്നെന്ന് ഒരു കഥ.
[തിരുത്തുക] ജീവിതചക്രം
ചിത്രശലഭങ്ങളുടെ ജീവിതചക്രം പൂര്‍ണ്ണമായും രൂപാന്തരത്തിലൂടെയാണ് (Metamorphosis) നടക്കുന്നത് . നാലു ദശകളാണ് ചിത്രശലഭത്തിന്റെ
ജീവിത ചക്രത്തിലുള്ളത്
- മുട്ട
- ലാര്‍വ (larvae)
- പ്യൂപ്പ
- ചിത്രശലഭം
എന്നിവയാണ് ആ നാലു ദശകള്‍.
[തിരുത്തുക] മുട്ട
ഇണചേരലിനു ശേഷം പൂമ്പാറ്റകള്‍ തളിരിലകളിലോ, മുകുളങ്ങളിലോ മുട്ടകള്‍ നിക്ഷേപിക്കുന്നു. സാധാരണയായി ഇലയുടെ അടിവശത്താണ് ഇവ മുട്ടയിടാറുള്ളത്. ലാര്‍വ്വയുടെ ഭക്ഷണസസ്യം(Larval Food Plants) കണ്ടെത്തി മുട്ടയിടാനുള്ള ചിത്രശലഭങ്ങളുടെ കഴിവ് ശ്രദ്ധേയമാണ്. തന്റെ ശരീരത്തില്‍ നിന്നൂറിവരുന്ന പശയുള്ള ദ്രാവകമുപയോഗിച്ചാണ് ചിത്രശലഭം താനിടുന്ന മുട്ടകള്‍ ഇലകളില്‍ ഒട്ടിച്ചുവെയ്ക്കുന്നത്. മുട്ടയുടെ ഉപരിതലത്തിലുണ്ടാവാറുള്ള ഒരു സൂക്ഷ്മദ്വാരത്തിലൂടെയാണ് വളരുന്ന ലാര്‍വക്ക് ആവശ്യത്തിന് വായുവും ഈര്‍പ്പവും ലഭിക്കുന്നത്.
[തിരുത്തുക] ലാര്‍വ്വ
രണ്ട് തൊട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് പൂമ്പാറ്റപ്പുഴുക്കള്‍ പുറത്തിറങ്ങും, ഈ പുഴുക്കളെയാണ് ലാര്‍വ എന്നു പറയുന്നത്. ലാര്‍വയുടെ ആദ്യഭക്ഷണം മുട്ടയുടെ പുറന്തോട് തന്നെയാണ്. ഇലകളാണ് പിന്നീടുള്ള ഭക്ഷണം. തങ്ങളുടെ മുഴുവന്‍ സമയവും ഭക്ഷണത്തിനു വേണ്ടിയാണ് ലാര്‍വകള്‍ ചെലവഴിക്കുന്നത്. സസ്യഭുക്കുകളാണ് മിക്ക ലാര്‍വകളും, ചുരുക്കം ചിലത് മറ്റ് ചെറുപ്രാണികളുടെ മുട്ടയും മറ്റും ഭക്ഷിക്കും. മുട്ടവിരിഞ്ഞുപുറത്തു വരുന്ന ലാര്‍വയുടെ ഭാരം ഏതാനം ദിവസങ്ങള്‍ കൊണ്ടു തന്നെ ആയിരം മടങ്ങ് ഭാരം വയ്ക്കും. തലഭാഗമടക്കം പതിനാലുഖണ്ഡങ്ങളായാണ് ലാര്‍വയുടെ ശരീരം. തലയില്‍ ഒരുജോടി സ്പര്‍ശകങ്ങളും കേവലനേത്രങ്ങളുമുണ്ടാവും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാര്‍വയ്ക്ക് ആംഗലേയഭാഷയില്‍ കാറ്റര്‍പില്ലര്‍(Caterpillar) എന്നും പറയും.
[തിരുത്തുക] പ്യൂപ്പ
അഞ്ച് തൊട്ട് പതിനഞ്ച് ദിവസങ്ങള്‍ക്കകം ലാര്‍വ ഇലയുടെ അടിയിലോ, കമ്പുകളിലോ സമാധിയിലിരിക്കുന്നു, ഈ അവസ്ഥയ്ക്കാണ് പ്യൂപ്പ എന്നു പറയുന്നത്. ഭാരം ഒരു പരിധിയിലധികം വര്‍ദ്ധിക്കുമ്പോല്‍ ലാര്‍വ ഭക്ഷണം നിര്‍ത്തുന്നു, അതിനുശേഷം പ്യൂപ്പ അവസ്ഥയില്‍ സമാധിയിരിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു കണ്ടുപിടിക്കും.
ചിത്രശലഭത്തിന്റെ പ്യൂപ്പദശക്ക് ആംഗലേയഭാഷയില്‍ ക്രിസലിസ് (chrysalis) എന്നാണ് പറയുക.
[തിരുത്തുക] ചിത്രശലഭം
പ്യൂപ്പ അവസ്ഥയിലെത്തിയ ലാര്‍വകള്‍ ഒന്നു രണ്ടാഴ്ചകള്‍ കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തുകയും ചിത്രശലഭം കൂടു പൊട്ടിച്ചു പുറത്തുവരികയും ചെയ്യും. സാധാരണയായി പ്രഭാതസമയങ്ങളിലാണ് ചിത്രശലഭങ്ങള്‍ പുറത്തുവരുന്നത്. പ്യൂപ്പയുടെ ലോലമായ പാര്‍ശ്വങ്ങള്‍ അടര്‍ത്തി ആദ്യം തലഭാഗവും, പിന്നെ മദ്ധ്യഭാഗവും ചിറകുകളും, ഒടുവില്‍ ഉദരവും എന്ന ക്രമത്തിലാണ് പുറത്തു വരുന്നത്.
ചിത്രശലഭങ്ങള്‍ക്ക് ആയുസ്സ് വളരെ കുറവാണ്, വലിയ ഇനം ചിത്രശലഭങ്ങള്‍ രണ്ട് മാസത്തോളം ജീവിക്കുമ്പോള്‍, ചെറിയ ഇനങ്ങള്‍ രണ്ട് തൊട്ട് മൂന്ന് ആഴ്ചകള്‍ മാത്രമാണ് ജീവിക്കുന്നത്.
[തിരുത്തുക] ആവാസവ്യവസ്ഥകള്‍
ചിത്രശലഭങ്ങളെ പല സ്ഥലങ്ങളിലും, പല കാലാവസ്ഥകളിലും കാണാന്‍ സാധിക്കും. ചതുപ്പ് നിലങ്ങളിലും, പുല്‍മേടുകളിലും, മഴക്കാടുകള്‍ എന്നിവിടങ്ങളിലൊക്കെ ഇവയെ കാണാന്‍ സാധിക്കും. മിക്ക ഇനം ചിത്രശലഭങ്ങളേയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കണ്ട് വരുന്നത്.
[തിരുത്തുക] ദേശാടനം
പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ ചിത്രശലഭങ്ങള്‍ ദേശാടനം നടത്താറുണ്ടെന്ന് കരുതപ്പെടുന്നു. ചില ഇനം ചിത്രശലഭങ്ങള്‍ വളരെ ചെറിയ ദൂരം സഞ്ചരിക്കുന്നു മറ്റു ചിലത് കൂടുതല്‍ ദൂരവും. മൊണാര്‍ക്ക് ചിത്രശലഭങ്ങളാണ് ഏറ്റവും ദൂരം സഞ്ചരിക്കാറുള്ളത്, അവ ഏകദേശം 4000 മൈലുകളോളം സഞ്ചരിക്കുന്നു. മൊണാര്‍ക്ക് ചിത്രശലഭത്തിന് നിര്‍ത്താതെ ആയിരം കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.
[തിരുത്തുക] നിശാശലഭങ്ങള്‍
ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍(Moth) എന്നിവയെപ്പറ്റി പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മില്‍ തിരിച്ചറിയാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പര്‍ശിനികളിലും ശരീരത്തിലും സൂക്ഷ്മങ്ങളായ രോമങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചിത്രശലഭങ്ങളില്‍ അങ്ങിനെ തന്നെ രോമങ്ങള്‍ ഉണ്ടാകാറില്ല. നിശാശലഭങ്ങള്‍ സ്പര്‍ശകങ്ങള്‍ തറക്ക് സമാന്തരമായി പിടിക്കുമ്പോള്‍ ചിത്രശലഭങ്ങള്‍ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങള്‍ എവിടെയെങ്കിലും ഇരിക്കുമ്പോള്‍ ചിറകുവിടര്‍ത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകള്‍ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.