മോര്‍മണ്‍ ചിത്രശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഗരങ്ങളിലും, നാട്ടിന്‍പുറങ്ങളിലും, വനങ്ങളിലും ധാരാളമായി കാണാറുള്ള ചിത്രശലഭമാണ് മോര്‍മണ്‍ ചിത്രശലഭം(Common Mormon-Papilio Polytes). വലിയ ചിറകുകളുള്ള ഇവ ഉദ്യാനങ്ങളില്‍ സാധാരണ കാണാറുള്ള ഷഡ്‌പദമാണ്.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
ആണ്‍-പെണ്‍ ശലഭങ്ങള്‍ക്ക് നിറവ്യത്യാസമുണ്ട്. പ്രഭാതങ്ങളില്‍ മോര്‍മണ്‍ പൂമ്പാറ്റകള്‍ വെയില്‍ കായാനെന്നപോലെ ഇലകളിലും മറ്റും ചിറകുവിടര്‍ത്തി ഇരിക്കാറുണ്ട്. അപ്പോഴിവയെ പെട്ടന്നു തിരിച്ചറിയാന്‍ സാധിക്കുന്നു. പെണ്‍ശലഭങ്ങള്‍ കേരളത്തില്‍ സാധാരണ കണ്ടുവരുന്ന ചെമ്പനീര്‍ ശലഭം(Crimson Rose), പനിനീര്‍ ശലഭം(Common Rose) തുടങ്ങിയ ചിത്രശലഭങ്ങളുടെ നിറങ്ങള്‍ അനുകരിക്കുന്നു(Bio-mimic). പനീര്‍ ശലഭങ്ങള്‍ പുഴുവായിരിക്കുമ്പോള്‍ കഴിക്കുന്ന ചില വിഷച്ചെടികളുടെ വിഷാംശം ശരീരത്തിലുണ്ടാകും അതിനാല്‍ അത്തരം ശലഭങ്ങളെ സാധാരണ ശത്രുക്കള്‍ ഒഴിവാക്കുകയാണ് പതിവ്. അതു മുതലാക്കാനാണ് മോര്‍മണ്‍ ശലഭത്തിന്റെ അനുകരണം. പെണ്‍ശലഭം മാത്രമേ അനുകരണം നടത്താറുള്ളു. പനീര്‍ ശലഭങ്ങളുടെ ശരീരം കടും ചുവപ്പുനിറത്തിലായിരിക്കുമെങ്കിലും മോര്‍മണ്‍ ശലഭങ്ങളുടെ ശരീരം കറുത്തനിറത്തിലായിരിക്കുമുണ്ടാവുക.
[തിരുത്തുക] രൂപം
ആണ്‍ശലഭങ്ങള്‍ക്ക് കറുത്ത ചിറകുകളാണുണ്ടാവുക, മുന്‍ചിറകില്‍ അരികുകളിലായി വെള്ളപ്പൊട്ടുകള്‍ കാണാം. പിന്‍ചിറകുകളുടെ മധ്യഭാഗത്തായി നാലഞ്ച് വെളുത്ത പൊട്ടുകള്‍ ഉണ്ട്, പിന്‍ചിറകുകളുടെ അരികുകളിലായി ചന്ദ്രക്കലയുടെ ആകൃതിയില്‍ വെളുത്ത അടയാളങ്ങള്‍ കാണാം. പിന്‍ചിറകുകള്‍ രണ്ടിലും നീളന്‍ വാലുകളുമുണ്ട്.
പെണ്‍ശലഭങ്ങള്‍ മൂന്നു വ്യത്യസ്ത നിറങ്ങളിലാണ് കണ്ടു വരുന്നത്. ആണ്‍ശലഭത്തിന്റെ നിറത്തോടുകൂടിയവ. പിന്‍ചിറകുകളില്‍ നീണ്ട വെളുപ്പും ചുവപ്പും അടയാളമുള്ളവ, പിന്‍ചിറകുകളില്‍ വെളുപ്പും കടും ചുവപ്പും ധാരാളം പാടുകളോടുകൂടിയവ
[തിരുത്തുക] പ്രത്യുത്പാദനം
നാരക വര്‍ഗ്ഗത്തില്‍ പെട്ട ചെടികളിലാണ് മോര്‍മണ്‍ ശലഭങ്ങള്‍ സാധാരണ മുട്ടയിടുന്നത്. കറിവേപ്പും ചിലപ്പോള്‍ ഉപയോഗിക്കുന്നു. ഗോളാകൃതിയിലുള്ള മുട്ട തളിരിലകളിലും, ഇളംതണ്ടുകളിലും മഴക്കാലമല്ലാത്ത സമയങ്ങളിലിടുന്നു. മുട്ട വിരിഞ്ഞു വരുന്ന പുഴുവിന്(ലാര്‍വ) ആദ്യം പക്ഷിക്കാഷ്ഠത്തിന്റെ നിറമായിരിക്കും. ഇക്കാരണം കൊണ്ടു ഇലയുടെ മുകളില്‍ നിശ്ചലമായിരിക്കുന്ന പുഴുവിനെ ശത്രുക്കള്‍ ഉപേക്ഷിക്കുന്നു. പിന്നീട് നിറം പച്ചയായി മാറുന്നു, അപ്പോഴും ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇവയെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. തുന്നാരന്‍ കിളി, ഓലേഞ്ഞാലി, ചെമ്പോത്ത്, ചിലന്തികള്‍, തൊഴുംപ്രാണികള്‍ മുതലായവയാണ് പ്രധാന ശത്രുക്കള്‍. ശത്രുക്കള്‍ അടുത്തു വരുമ്പോള്‍ ശിരസ്സിലെ കണ്ണുപോലുള്ള ഭാഗങ്ങള്‍ കാട്ടി അവയെ ഭയപ്പെടുത്തുന്നു. വായ്ക്കുള്ളിലെ കടും ചുവപ്പവയവം കാട്ടിയും, ദുര്‍ഗന്ധമുള്ള ഒരു ദ്രവം പുറത്തുവിട്ടും ശത്രുക്കളെ പുഴുക്കള്‍ തുരത്താറുണ്ട്.
അപകടഘട്ടങ്ങള്‍ തരണം ചെയ്ത് പൂര്‍ണ്ണവളര്‍ച്ചയെത്തിയ പുഴു, സുരക്ഷിതമായ സ്ഥലം കണ്ടെത്തി പിന്‍കാലുകള്‍ കൊണ്ടു പിടിച്ചിരുന്ന് ശരീരം വളച്ച് നിദ്രയാരംഭിക്കുന്നു. ക്രമേണ നാരുകള്‍ ശരീരത്തില്‍ നിന്നും വന്ന് പുഴുവിനെ പ്യൂപ്പ ആക്കി മാറ്റുന്നു. 21 ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്യൂപ്പയുടെ കവചം പൊളിച്ച് ശലഭം പുറത്തു വരുന്നു.
[തിരുത്തുക] ആവാസവ്യവസ്ഥകള്‍
തെക്കു കിഴക്കന്‍ ഏഷ്യയിലെമ്പാടും ഈയിനം ശലഭങ്ങളെ കണ്ടുവരുന്നു. കേരളത്തിലും മോര്‍മണ്‍ ശലഭങ്ങളെ ധാരാളമായി കാണാം. രാജമല്ലി, ചെത്തി, മന്ദാരം, അശോകം, ചെമ്പരത്തി മുതലായ ചെടികളുടെ സമീപത്ത് മോര്‍മണ്‍ ശലഭങ്ങള്‍ സാധാരണ തേന്‍കുടിക്കാനെത്തുന്നു. വനങ്ങളിലാകട്ടെ ചീനി, ഇലവ്, മുരിക്ക് മുതലായ സസ്യങ്ങളുടെ പൂക്കാല സമയത്ത് ഇവ കൂട്ടമായെത്തുന്നതു കാണാം.