സത്യജിത് റേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരില്‍ ഒരാളായാണ് സത്യജിത്ത് റേ ((Bengali: সত্যজিৎ রায় Shottojit Rae) (1921 മേയ് 2 – 1992 ഏപ്രില്‍ 23) അറിയപ്പെടുന്നത്. കൊല്‍കൊത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സത്യജിത്ത് റേ അവിടുത്തെ പ്രസിഡന്‍സി കോളേജിലും ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയിലും ആയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഭിനേതാവായാണ് റേ കലാജീവിതം ആരംഭിച്ചത്. ചലച്ചിത്രനിര്‍മ്മാതാവായ ഴാങ് റെന്‍വായെ കണ്ടതും ബൈസിക്കിള്‍ തീവ്സ് എന ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്രനിര്‍മ്മാണരംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു.
ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേര്‍ പാഞ്ചാലി 11 അന്താരാഷ്ട്രപുരസ്കാരങ്ങള്‍ കരസ്ഥമാക്കി. കാന്‍ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമന്‍ ഡോക്യുമെന്റ് പുരസ്കാരവും ഇതില്‍പ്പെടും. പഥേര്‍ പഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ തുടര്‍ചിത്രങ്ങളാണ് അപുത്രയം എന്ന പേരില്‍ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കല്‍ (casting), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിര്‍മ്മാണരംഗത്തെ എല്ലാ മേഖലകളിലും റേ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
സത്യജിത് റേയുടെ കുറഞ്ഞത് പത്ത് തലമുറകള്‍ മുമ്പ് വരെയുള്ള കുടുംബചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. റേയുടെ പിതാമഹനായ ഉപേന്ദ്രകിഷോര്‍ റേ ചൌധരി എഴുത്തുകാരന്‍, ചിത്രകാരന്‍, തത്ത്വചിന്തകന്‍, പ്രസാധകന്‍, വാനനിരീക്ഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. കൂടാതെ അദ്ദേഹം പത്തൊമ്പതാം നൂറ്റാണ്ടില്‍ ബംഗാളില്‍ ഉണ്ടായിരുന്ന ഒരു സാമുദായിക പ്രസ്ഥാനമായ ബ്രഹ്മസമാജിന്റെ നേതാവും ആയിരുന്നു. ഉപേന്ദ്രകിഷോറിന്റെ മകനായ സുകുമാര്‍ റേ ഹാസ്യ കവിത, ബാല സാഹിത്യം എന്നിവയില്‍ പ്രശസ്തനായ ഒരു ബംഗാളി എഴുത്തുകാരന്‍, ചിത്രകാരന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. റേ സുകുമാര്‍ - സുപ്രഭ റേ ദമ്പതികളുടെ മകനായാണ് ജനിച്ചത്. സത്യജിത്തിന് മൂന്നു വയസ്സുള്ളപ്പോള്‍ സുകുമാര്‍ റേ മരണപ്പെടുകയും പിന്നീട് ആ കുടുംബം നിലനിന്നത് സുപ്രഭ റേയുടെ വരുമാനത്തിലുമായിരുന്നു. റേ കോല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചെങ്കിലും ലളിത കലയിലായിരുന്നു താത്പര്യം. 1940-ല്‍ അമ്മ അദ്ദേഹത്തെ രബീന്ദ്രനാഥ് ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചു. ശാന്തിനികേതനിലെ ബൌദ്ധികജീവിതത്തെ പറ്റി പൊതുവെയുണ്ടായിരുന്ന മോശം അഭിപ്രായം മൂലം റേക്ക് അതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, അമ്മയുടെ നിര്‍ബന്ധവും ടാഗോറിനോടുള്ള ബഹുമാനവും മൂലം റേ ആ വഴി തന്നെ തിരഞ്ഞെടുത്തു. ശാന്തിനികേതനില്‍ വെച്ച് റേ പൌരസ്ത്യ കലകളില്‍ ആകര്‍ഷണനീയനായി. റേ പിന്നീട് ഡോക്യുമെന്റ്രി ഫിലിം നിര്‍മ്മിച്ച പ്രശസ്ത ചിത്രകാരന്മാരായ നന്ദലാല്‍ ബോസ്, ബെനോദെ ബെഹരി മുഖര്‍ജി എന്നിവരില്‍ നിന്ന് ധാരാളം പഠിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അജന്ത, എല്ലോറ, എലിഫന്റ എന്നിവിടങ്ങളിലേക്കുള്ള യാത്രയിലൂടെ റേ ഭാരതീയ കലകളുടെ ആരാധകനായി മാറി.
1943-ല്‍ റേ പഞ്ചവത്സര കോഴ്സ് മുഴുമിപ്പിക്കുന്നതിനു മുന്നായി ശാന്തിനികേതന്‍ വിട്ടു തിരിച്ചു കോല്‍ക്കത്തയിലേക്ക് പോയി. അവിടെ അദ്ദേഹത്തിനു ഒരു ബ്രിട്ടീഷ് പരസ്യ കമ്പനിയായ ഡി. ജെ. കീമെറില്‍ “ജൂനിയര്‍ വിഷ്വലൈസര്‍” തസ്തികയില്‍ കേവലം എണ്‍പത് രൂപ മാസ ശമ്പളത്തിന് ഒരു ജോലി ലഭിച്ചു. കമ്പനിയില്‍ ബ്രിട്ടീഷും ഇന്ത്യകാരുമായ തൊഴിലാളികളുടെ ഇടയില്‍ ബ്രിട്ടീഷ് തൊഴിലാളികള്‍ക്ക് അധികശമ്പളം നല്‍കുന്നതിനെ തുടര്‍ന്ന്‍ അസഹിഷ്ണുത നിലനിന്നിരുന്നു. ചിത്രനിര്‍മ്മാണം റേ ഇഷ്ടപെട്ടിരുന്നെങ്കിലും ഇത് അദേഹത്തില്‍ നീരസം ഉളവാക്കി. ഡി. കെ. ഗുപ്ത ആരംഭിച്ച പ്രസാധക സ്ഥാപനമായ സിഗ്നെറ്റ് പ്രസ്സുമായി അദ്ദേഹം അക്കാലത്ത് ബന്ധപ്പെട്ടിരുന്നു. സിഗ്നെറ്റ് പ്രസ്സ് ഇറക്കുന്ന പുസ്തകങ്ങളുടെ മുഖചിത്രം ഡിസൈന്‍ ചെയ്യാന്‍ ഗുപ്ത റേയോട് ആവശ്യപ്പെടുകയും അതില്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. റേ ജിം കോര്‍ബെറ്റിന്റെ “കുമവോണിലെ നരഭോജികള്‍“, ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ക്ക് മുഖചിത്രം ഡിസൈന്‍ ചെയ്തു. പ്രശസ്ത ബംഗാളി നോവലായ പഥേര്‍ പാഞ്ചാലിയുടെ കുട്ടികള്‍ക്കുള്ള പതിപ്പിറക്കുന്നതിലും അദ്ദേഹം ഉള്‍പെട്ടിരുന്നു. ഈ സൃഷ്ടിയില്‍ വളരെയധികം ആകര്‍ഷകനായ റേയുടെ ആദ്യസിനിമ ഈ നോവലിനെ ആധാരമാക്കിയായിരുന്നു. അതിന്റെ മുഖചിത്രം ഡിസൈന്‍ ചെയ്യുന്നതിനു പുറമേ, അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി. അതില്‍ പലതും പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലെ രംഗങ്ങളായി മാറി.
1947-ല്‍ ചിദാനന്ദ ദാസ് ഗുപ്തയോടും മറ്റു പലരോടും ചേര്‍ന്ന് റേ കല്‍ക്കട്ട ഫിലിം സൊസൈറ്റി ആരംഭിക്കുകയും അതിലൂടെ പല വിദേശ ചിത്രങ്ങള്‍ പരിചയപ്പെടാന്‍ അവസരം ലഭിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് കോല്‍ക്കത്തയില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ സേനയുമായുണ്ടായിരുന്ന ബന്ധം വഴി നഗരത്തിലിറങ്ങുന്ന പുതിയ അമേരിക്കന്‍ സിനിമകളെ പറ്റി അദ്ദേഹത്തിന് വിവരം ലഭിച്ചിരുന്നു. വ്യോമസേനയില്‍ അംഗമായിരുന്ന നോര്‍മന്‍ ക്ല്ലെയര്‍ റേയെപോലെ സിനിമ, ചെസ്, പാശ്ചാത്യ സംഗീതം എന്നിവയില്‍ തത്പരനായിരുന്നു. 1949-ല്‍ റേ തന്റെ ബന്ധും ദീര്‍ഘകാല പ്രണയിനിയുമായിരുന്ന ബിജോയ ദാസിനെ വിവാഹം കഴിച്ചു. സിനിമ സംവിധായകനായ സന്ദീപ് ഈ ദമ്പതികളുടെ മകനാണ്. അതേ വര്‍ഷം, “ദി റിവര്‍” എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ജീന്‍ റിനോയിര്‍ കോല്‍ക്കത്തയിലെത്തി. ചിത്രീകരണത്തിനനുയോജ്യമായ ഗ്രാമപ്രദേശത്തിലുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് റേ ജീനെ സഹായിച്ചു. 1950-ല്‍ റേയെ ഡി. ജെ. കീമെറില്‍ നിന്നും ലണ്ടനിലെ പ്രധാന ഓഫീസിലേക്ക് അയച്ചു. ലണ്ടനിലെ മൂന്നു മാസത്തെ താമസത്തിനിടയില്‍ അദ്ദേഹം 99 സിനിമകള്‍ കണ്ടു. അതില്‍ ഇറ്റാലിയന്‍ സംവിധായകനായ വിറ്റോറിയോ ഡി സിക്കയുടെ റിയലിസ്റ്റിക്ക് ചിത്രം “ബൈസിക്കിള്‍ തീവ്സ്” റേയില്‍ കാര്യമായ സ്വാധീനമുണ്ടാക്കി. ഒരു സംവിധായകനാകുമെന്ന തീരുമാനവുമായാണ് തീയേറ്റര്‍ വിട്ടിറങ്ങിയതെന്ന് റേ പിന്നീട് പറഞ്ഞിട്ടുണ്ട്.
[തിരുത്തുക] അപുവിന്റെ കാലഘട്ടം(1950–1958)
തന്റെ ആദ്യ ചലച്ചിത്രത്തിനു വേണ്ടി സത്യജിത് റേ തെരഞ്ഞെടുത്തത്, ബംഗാളി സാഹിത്യത്തിലെ എക്കാലത്തേയും വിശിഷ്ട കലാസൃഷ്ടികളുടെ ഗണത്തില്‍ പെടുത്താവുന്നതും 1928 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ, ബിഭൂതിഭൂഷന്‍ ബന്ധോപാധ്യായയുടെ (Bibhutibhusan Bandopadhyay) പഥേര്‍ പാഞ്ചാലി ആയിരുന്നു. അപു (Apu) എന്ന ഗ്രാമീണ ബാലന്റെ കഥ പറയുന്ന ആ നോവല്‍ ഭാഗികമായി ആത്മകഥാപരമായ ഒരു കൃതിയായിരുന്നു. ലണ്ടനില്‍ നിന്നും ഇന്‍ഡ്യയിലേക്കുള്ള കടല്‍ യാത്രയിലായിരുന്നു റേ തന്റെ ചിത്രത്തെപ്പറ്റിയും അതിന്റെ രീതികളേപ്പറ്റിയും തീരുമാനിച്ചുറപ്പിച്ചത്.
സിനിമാ സാങ്കേതിക ലോകത്ത് അത്രയൊന്നും പരിചയമില്ലാത്ത് കുറേ കലാകാരന്മാരെ ഒന്നിച്ചുകൂട്ടിയായിരുന്നു റേ തന്റെ ആദ്യ ചലച്ചിത്രം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ ക്യാമറാമാനായിരുന്ന സുബ്രതാ മിത്രയും (Subrata Mitra), കലാസംവിധായകനായിരുന്ന ബന്‍സി ചന്ദ്രഗുപ്തയും (Bansi Chandragupta) ഇതിലൂടെ എല്ലാവരുടെയും പ്രശംസക്ക് പാത്രീഭൂതരായിത്തീര്‍ന്നു. അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാം നിര നടീനടന്‍ മാരെ ആയിരുന്നു. സ്വന്ത സമ്പാദ്യം ചെലവിട്ടുകൊണ്ടായിരുന്നു 1952 ല്‍ റേ ചിത്രീകരണം ആരംഭിച്ചത്. പ്രാരംഭഘട്ടം കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്ന ഒരു പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും അതു പ്രാവര്‍ത്തികമായില്ല. പഥേര്‍ പാഞ്ചാലിയുടെ ചിത്രീകരണം നീണ്ട മൂന്നു വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു പൂര്‍ത്തിയായത്. റേയോ, നിര്‍മ്മാണ ചുമതല വഹിക്കുന്ന അനില്‍ ചൗധരിയോ പണം കണ്ടെത്തുന്ന കുറേ ദിവസങ്ങള്‍ മാത്രമേ ചിത്രീകരണം നടന്നിരുന്നുള്ളൂ എന്നതായിരുന്നു അതിനുള്ള പ്രധാന കാരണം.ഒടുവില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വായ്പാസഹായത്തോടു കൂടി 1955 ല്‍ പഥേര്‍ പാഞ്ചാലി പുറത്തിറങ്ങി. നിരൂപകരുടെയും, ആസ്വാദകരുടെയും പ്രശംസ പിടിച്ചു പറ്റിയ ആ കലാസൃഷ്ടി ഇന്‍ഡ്യയിലും, വിദേശത്തും നീണ്ടകാലങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, അനേകം പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. തിരക്കഥയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും, നിര്‍മ്മാതാവിന്റെ മേല്‍നോട്ടക്കാരന്‍ ഉണ്ടാവും എന്ന് വ്യവസ്ഥ വയ്ക്കുകയും ചെയ്തിരുന്നവരില്‍ നിന്നുള്ള സാമ്പത്തിക സഹായവും, സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദ്ദേശങ്ങളും (അവസാനം സര്‍ക്കാരിന്റെ ധനസഹായം സ്വീകരിച്ചിരുന്നെങ്കില്‍പ്പോലും) നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ റേ നിരസിക്കുകയും, തള്ളികളയുകയും ചെയ്തിരുന്നു.
ഇന്‍ഡ്യയില്‍ പഥേര്‍ പാഞ്ചാലിയോടുള്ള പ്രതികരണം വളരെ ആവേശഭരിതമായിരുന്നു. ദി ടൈംസ് ഓഫ് ഇന്‍ഡ്യ എഴുതി "ഇതിനെ മറ്റേതെങ്കിലും ചലച്ചിത്രങ്ങളോടുപമിക്കുന്നത് അസംബന്ധമാകും ........ പഥേര്‍ പാഞ്ചാലി ശുദ്ധമായ ചലച്ചിത്രമാണ്" . ബ്രിട്ടണില്‍, പ്രമുഖ സ്കോട്ടിഷ് ചലചിത്ര സംവിധായകനായ ലിന്‍ഡ്‌സേ ആന്‍ഡേഴ്‌സണും (Lindsay Anderson) പ്രോജ്വലമായ ഒരു വിലയിരുത്തല്‍ പഥേര്‍ പാഞ്ചാലിയെപ്പറ്റി നടത്തി. പക്ഷേ എല്ലായിടത്തു നിന്നുമുള്ള പ്രതികരണം ഒരുപോലെ അനുകൂലമല്ലായിരുന്നു. പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനായ ഫ്രാന്‍സുവ ട്രഫോട്ട് (François Truffaut) ഇങ്ങനെ എഴുതി. "ഒരു അധഃകൃതന്‍ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് കാണിക്കുന്ന ചലച്ചിത്രം കാണുവാന്‍ എനിക്കു താല്‍പര്യമില്ല". അമേരിക്കയില്‍ പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിച്ച സമയത്ത്, ന്യൂയോര്‍ക്ക് ടൈംസിലെ പ്രശസ്ത നിരൂപകനായ ബോസ്‌ലി ക്രൗത്തറുടെ(Bosley Crowther) വളരെ നിശിതമായ വിമര്‍ശനം കൊണ്ട് പഥേര്‍ പാഞ്ചാലിയുടെ വിതരണക്കാരനായ എഡ് ഹാരിസണ്‍ (Ed Harison) ഫിലിം നശിപ്പിച്ചു കളയാന്‍ പോലും ആലോചിച്ചിരുന്നു. പക്ഷേ ഇതിനെയെല്ലാം അതിജീവിച്ച് പഥേര്‍ പാഞ്ചാലി നിറഞ്ഞ സദസ്സുകളില്‍ തന്നെ പ്രദര്‍ശിപ്പിച്ചു വന്നു.
രണ്ടാമത്തെ ചിത്രമായ അപരാജിതയുടെ വിജയത്തോടു കൂടി ആയിരുന്നു റേയുടെ രാജ്യാന്തര തലത്തിലുള്ള സ്ഥാനം കുറേക്കൂടി ദൃഡമായത്. ജീവിതത്തിലെ ഉല്‍കര്‍ഷേഛയുടെയും അമ്മയുടെ സ്നേഹത്തിന്റെയും ഇടയില്‍ അപു അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം, മൃണാള്‍ സെന്‍(Mrinal Sen), ഋതിക് ഘട്ട് (Ritwik Ghatak) മുതലായ എണ്ണം പറഞ്ഞ നിരൂപകര്‍ പഥേര്‍ പാഞ്ചാലിയേക്കാള്‍ ഉയര്‍ന്ന കലാമൂല്യമുള്ള ചിത്രമായി ഗണിച്ചിരുന്നു. 1957 ല്‍ വെനിസ് ചലച്ചിത്രോല്‍സവത്തില്‍ വച്ച് ഗോള്‍ഡന്‍ ലയണ്‍ (Golden Lion) പുരസ്കാരം അപരാജിത നേടുകയുണ്ടായി. ഇതിന്റെ മൂന്നാം ഭാഗം പുറത്തിറക്കുന്നതിന് മുന്‍പ് റേ മറ്റു രണ്ടു ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കുകയുണ്ടായി. പരാഷ് പത്തര്‍ എന്ന ഹാസ്യചിത്രവും ജന്മിമാരുടെ അധഃപതനത്തിന്റെ കഥ പറയുന്ന ജല്‍സാഗര്‍ എന്ന ചിത്രവും.
അപരാജിത നിര്‍മ്മിക്കുന്ന സമയത്തുപോലും ഒരു മൂന്നാം ഭാഗത്തെപ്പറ്റി റേ ചിന്തിച്ചിരുന്നില്ല. വെനിസ് ചലചിത്രോല്‍സവത്തില്‍ വച്ചാണ് അങ്ങനെയൊരാശയം അദ്ദേഹത്തോട് ചോദിക്കപ്പെടുന്നത്. 1959 ല്‍ അങ്ങനെ ആ തുടര്‍ച്ചയുടെ അവസാന ഭാഗമായ അപുര്‍ സന്‍സാര്‍ (അപുവിന്റെ ലോകം) പുറത്തിറങ്ങി. പഴയ രണ്ടു ചിത്രങ്ങളെപ്പോലെ തന്നെ ഈ ചിത്രത്തേയും റേയുടെ ഏറ്റവും മഹത്തായ കലാസൃഷ്ടിയായി, റോബിന്‍ വുഡ് (Robin Wood), അപര്‍ണാ സെന്‍ (Aparana Sen) മുതലായ പ്രമുഖര്‍ ഉള്‍പ്പടേ നിരവധി നിരൂപകര്‍ ഉയര്‍ത്തിക്കാട്ടി. റേയുടെ വളരെ പ്രിയപ്പെട്ട നടീനടന്മാരായ സൗമിത്ര ചാറ്റര്‍ജിയെയും (SOumitra Chatterjie), ഷര്‍മ്മിളാ ടാഗോറിനേയും(Sharmila Tagore) ഈ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത്. കല്‍ക്കട്ടയിലെ ഒരു സാധാരണ തെരുവില്‍ പട്ടിണിയില്‍ ജീവിക്കുന്ന അപുവിനെയാണ് ഈ ചിത്രത്തില്‍ നാം കാണുന്നത്. അപര്‍ണ്ണയുമായി ഒരു അസാധാരണ വിവാഹജീവിതം അപു നയിക്കുന്നതും, അവരുടെ ജീവിതത്തിലെ രംഗങ്ങള്‍ "ദാമ്പത്യ ജീവിതത്തിനെ ദൃഡമായി ചിത്രീകരിക്കുന്ന ശ്രേഷ്ടകരമായ ഒരു ചലച്ചിത്രമായി" രൂപാന്തരപ്പെടുകയും, അവരുടെ ജീവിതത്തിലേക്ക് ദുരന്തം കടന്നു വരുകയും ചെയ്യുകയുമാണ് ഈ ചിത്രത്തില്‍. ഈ ചിത്രത്തെപ്പറ്റിയുള്ള ഒരു ബംഗാളി നിരൂപകന്റെ വളരെ നിശിതമായ വിമര്‍ശനത്തിനെ പ്രതിരോധിക്കാനായി റേ വളരെ ശക്തമായ ഒരു ലേഘനം എഴുതുകയുണ്ടായി-അദ്ദേഹത്തിന്റെ ചലച്ചിത്ര നിര്‍മ്മാണ ജീവിതത്തിലെ അസാധാരണമായ ഒരു സംഭവമായിരുന്നു അത്(മറ്റൊരു പ്രധാന സംഭവം അദ്ദേഹത്തിന് വ്യക്തിപരമായി വളരെയധികം പ്രിയപ്പെട്ടതായിരുന്ന ചാരുലത എന്ന ചിത്രത്തോട് ബന്ധപ്പെട്ടായിരുന്നു).നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതത്തെ സ്വാധീനിച്ചിരുന്നില്ല. റേ തന്റെ അമ്മയോടും, അമ്മാവനോടും മറ്റു കുടുംബാംഗങ്ങളോടും കൂടെ ഒരു വാടക വീട്ടിലായിരുന്നു തന്റെ ശിഷ്ടകാലം കഴിച്ചു കൂട്ടിയത്.
[തിരുത്തുക] ദേവി മുതല്‍ ചാരുലത വരെ (1959-1964)
ഈ കാലയളവില്‍ ബ്രിട്ടീഷ് രാജിനെ അധികരിച്ച് 'ദേവി' തുടങ്ങിയ ചിത്രങ്ങളും രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും മഹാപുരുഷ് എന്ന ഒരു ഹാസ്യചിത്രവും ലക്ഷണമൊത്തൊരു തിരക്കഥയില്‍ നിന്നുമുള്ള ആദ്യസിനിമയായ 'കാഞ്ചന്‍ജംഗ'യും റേ ചെയ്യുകയുണ്ടായി . ഭാരതീയ സ്ത്രീത്വത്തിന്റെ അഭ്രാവിഷ്‌കാരത്തിലൂടെ ആസ്വാദകഹൃദയങ്ങളെ ആഴത്തില്‍ സ്വാധീനിച്ചതെന്നു നിരൂപകര്‍ വിലയിരുത്തുന്ന ഒരുപിടി ചിത്രങ്ങളും ഇക്കാലത്ത് റേ അണിയിച്ചൊരുക്കി .
'ദേവി'ക്കു ശേഷം ഹൈന്ദവ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ അന്വേഷണവിധേയമാക്കുന്ന അപുര്‍ സന്‍സാര്‍ (അപുവിന്റെ ലോകം) എന്ന സിനിമയാണ് റേ ചെയ്തത്. ഭര്‍തൃപിതാവിനാല്‍ അവഗണിക്കപ്പെടുന്ന ദയാമയി എന്ന ചെറുപ്പക്കാരിയായ ഭാര്യയായി ഷര്‍മ്മിള ടാഗോര്‍ ഈ ചിത്രത്തില്‍ വേഷമിട്ടു . സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ തടയുകയോ രംഗങ്ങള്‍ മുറിച്ചു മാറ്റാന്‍ തന്നെ നിര്‍ബന്ധിച്ചേക്കുകയോ ചെയ്തേക്കുമെന്ന് റേ ഭയപ്പെട്ടിരുന്നു . സെന്‍സര്‍ ബോര്‍ഡ് ദയ കാണിച്ചു. 1961 ല്‍ 'ദേവി' പുറത്തിറങ്ങി.
പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിര്‍ബന്ധപ്രകാരംമഹാകവി രവീന്ദ്രനാഥടാഗോറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനായി റേ നിയോഗിക്കപ്പെട്ടു . റേയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹാകവിക്കുള്ള സ്തുത്യുപഹാരം കൂടിയായിരുന്നു ഈ ഡോക്യുമെന്ററി.
ടാഗോറിനെക്കുറിച്ചുള്ള വീഡിയോ ചിത്രങ്ങള്‍ വളരെ പരിമിതമായിരുന്നതു മൂലം മിക്കവാറും അചേതനങ്ങളായ വിഭവങ്ങള്‍ ഉപയോഗിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നതില്‍ റേ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിച്ചു . മൂന്നു ഫീച്ചര്‍ ഫിലിമുകള്‍ക്കു വേണ്ടിവരുന്ന അധ്വാനം ഈ ഒരു ഡോക്കുമെന്ററിക്കായി വേണ്ടി വന്നു എന്നാണ് റേ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത് .
അതേവര്‍ഷം തന്നെ റേ സുഭാഷ് മുഖോപാധ്യായുമായിച്ചേര്‍ന്ന് ഒരിക്കല്‍ തന്റെ മുത്തച്ഛന്‍ പ്രസിദ്ധീകരിച്ചിരുന്ന 'സന്ദേശ് ' എന്ന കുട്ടികളുടെ മാസിക പുനഃസ്ഥാപിച്ചു . സന്ദേശിന്റെ പുനഃപ്രസിദ്ധീകരണത്തിനായി കുറേ വര്‍ഷങ്ങളായി പണം സ്വരൂപിച്ചു വരികയായിരുന്നു റേ. സന്ദേശ് അതിന്റെ പേരിന്റെ പ്രത്യേകത കൊണ്ടും (ബംഗാളിലെ ജനപ്രിയമായ ഒരു മധുരപലഹാരത്തിനും സന്ദേശ് എന്നാണ് പേര്) വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന മാസിക എന്ന നിലയിലും പേരെടുത്തു .
റേ സന്ദേശിനു വേണ്ടി ചിത്രങ്ങള്‍ വരക്കാനും കുട്ടികള്‍ക്കായുള്ള കഥകളും ലേഖനങ്ങളുമെഴുതാനും തുടങ്ങി. വരുംവര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സ് ഈ എഴുത്തായിരുന്നു.
1962ല്‍ കാഞ്ചന്‍ ജംഗ എന്ന ചിത്രം റേ സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ ആദ്യത്തെ മൌലികമായ തിരക്കഥയും കളര്‍ സിനിമയും ആയിരുന്നു ഇത് . ലണ്ടനില്‍ വിദ്യഭ്യാസം ചെയ്ത ഉന്നതവരുമാനക്കാരനായ ഒരെഞ്ചിനീയറുമായി ഇളയമകളുടെ വിവാഹമുറപ്പിക്കുവായി പശ്ചിമബംഗാളിലെ നയനമനോഹരമായ ഡാര്‍ജിലിംഗ് താഴ്വരയില്‍ മധ്യാഹ്നം ചെലവഴിക്കാനെത്തിയ ധനിക കുടുംബത്തിന്റെ കഥ പറയുന്നതാണ് 'കാഞ്ചന്‍ജംഗ' .
വലിയൊരു ബംഗ്ലാവില്‍ വെച്ച് ഈ സിനിമ ചിത്രീകരിക്കുവാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ നാടകീയതയും പിരിമുറുക്കവും പ്രതിഫലിപ്പിക്കുന്നതിനായി ഡാര്‍ജിലിംഗ് എന്ന അതിപ്രശസ്തമായ മലയോര പട്ടണത്തിലെ വെളിച്ചത്തിന്റെയും മൂടല്‍മഞ്ഞിന്റെയും നിറഭേദങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ റേ പിന്നീട് നിശ്‌ചയിക്കുകയായിരുന്നു . തന്റെ തിരക്കഥ ഏത് പ്രകാശാന്തരീക്ഷത്തിലും സിനിമ ചിത്രീകരിക്കുവാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ഒരു കൊമേഴ്‌സ്യല്‍ സിനിമക്കു വേണ്ട രീതിയില്‍ സൂര്യപ്രകാശത്തിലുള്ള ഒരു ഷോട്ട് പോലുമെടുക്കാന്‍ ഡാര്‍ജിലിംഗിലെ കാലാവസ്ഥയില്‍ കഴിയില്ലെന്ന കാര്യം റേ കൌതുകത്തോടെ ശ്രദ്ധിച്ചു .
അറുപതുകളില്‍ ജപ്പാന്‍ സന്ദര്‍ശിച്ച റേ താന്‍ ഏറെ ആദരിക്കുന്ന അകിര കുറസോവയെന്ന മഹാരഥനെ കണ്ടതില്‍ ഏറെ ആനന്ദതുലിതനായിരുന്നു. ഇതേ കാലത്ത് ഒരു തിരക്കഥ പൂര്‍ത്തിയാക്കുന്നതിനായി ചടുലമായ നഗരജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ട് ഡാര്‍ജിലിംഗ്, പുരി മുതലായ സ്ഥലങ്ങളിലേക്ക് റേ പോയിരുന്നു .
1964 ല്‍ റേ സംവിധാനം ചെയ്ത 'ചാരുലത' എന്ന മനോഹരചിത്രം ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സിനിമാപ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയായിരുന്നു . റേയുടെ പ്രതിഭാവൈദഗ്‌ധ്യത്തിന്റെ ഉത്തുംഗതയിലുള്ള ചിത്രമെന്ന് നിരൂപകര്‍ വാഴ്ത്തിയ ഈ സിനിമ രവീന്ദ്രനാഥ ടാഗോറിന്റെ 'നഷ്‌ടനിര്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതായിരുന്നു . പത്തൊമ്പതാം നൂറ്റാണ്ടില്‍ ബംഗാളില്‍ ജീവിച്ചിരുന്ന ചാരു എന്ന ഏകാകിനിയായ ഭാര്യയുടെയും വളര്‍ന്നു വരുന്ന അമല്‍ എന്ന ഭര്‍തൃസഹോദരനെക്കുറിച്ച് അവള്‍ക്കുണ്ടയിരുന്ന ഉത്‌ക്കണ്ഠകളുടെയും കഥ പറയുന്ന ഈ ചിത്രം റേയുടെ 'മൊസാര്‍ട്ടിയന്‍ മാസ്റ്റര്‍പീസ് ' എന്നാണറിയപ്പെടുന്നത് . ഈ സിനിമയെക്കുറിച്ച് റേ തന്നെ അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുള്ളത് തന്റെ സിനിമകളില്‍ ഏറ്റവും അബദ്ധങ്ങള്‍ കുറഞ്ഞ ഒന്നാണിതെന്നും അങ്ങനെ ചെയ്യാന്‍ അവസരം നല്‍കിയ ഒരേയൊരു സിനിമയാണിതെന്നുമായിരുന്നു .
ചാരു എന്ന കഥാപാത്രമായി വേഷമിട്ട മാധവി മുഖര്‍ജ്ജി, സുബ്രത മിത്ര , ബന്‍സി ചന്ദ്രഗുപ്ത എന്നിവരുടെ മികച്ച പ്രകടനം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടി. ഈ കാലഘട്ടത്തിലെ റേയുടെ മറ്റു സിനിമകളില്‍ 'മഹാനഗര്‍ ', 'തീന്‍ കന്യ' (മൂന്നു പുത്രിമാര്‍), അഭിജാന്‍ (ദൌത്യം), 'കപുരുഷ് ഓ മഹാപുരുഷ് ' (ഭീരുവും വിശുദ്ധനും) തുടങ്ങിയവ ഉള്‍പ്പെടുന്നു.
[തിരുത്തുക] പുതിയ ദിശകള്‍ (1965–1982)
ചാരുലത കാലഘട്ടത്തിനുശേഷം, ഫാന്റസി, സയന്‍സ് ഫിക്ഷന്‍, ഡിറ്റക്റ്റീവ് ചലച്ചിത്രങ്ങള്‍, പുരാണ ചിത്രങ്ങള്‍ എന്നിങ്ങനെ പലവ്യത്യസ്ഥ വിഷയങ്ങളും റേ സ്വന്തം ചലചിത്രത്തിനു വേണ്ടി ഉപയോഗിച്ചു. ഈ സമയത്ത് ഒരുപാട് പരീക്ഷണങ്ങളും അദ്ദേഹം നടത്തി. കൂടാതെ തന്റെ ചലച്ചിത്രങ്ങളില്‍ സമകാലീന ഭാരതീയ ജീവിതരീതികള്‍ ചിത്രീകരിക്കപ്പെടുന്നില്ല എന്ന ആരോപണത്തിനാല്‍ ആ വിഷയം കൂടുതലായി അടുത്തറിയുന്ന തരം സിനിമകളും അദ്ദേഹം നിര്‍മ്മിച്ചു. ഈ സമയത്തെ പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു നായക് (നായകന്‍). നായകന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പത്രക്കാരിയെ പരിചയപ്പെടുന്ന കഥയായിരുന്നു ഈ സിനിമയ്ക്ക്. ഉത്തം കുമാറും ഷര്‍മ്മിള ടാഗോറും അഭിനയിച്ച ഈ സിനിമയില്‍, ഒരുപത്തിനാല് മണിക്കൂര്‍ നീളമുള്ള ഒരു ടെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്ന ജീവിതവിജയം നേടിയ രണ്ടുപേരുടെ മാനസിക പിരിമുറുക്കങ്ങളാണ് വിഷയമായത്. ബെര്‍ളിനില്‍ വിമര്‍ശകരുടെ അവാര്‍ഡ് ലഭിച്ചുവെങ്കിലും ഈ സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതികരണം തണുത്തതായിരുന്നു.[1]
1967-ല്‍, റേ ദ ഏലിയന്‍ എന്ന പേരില്‍ ഒരു തിരക്കഥ എഴുതുകയുണ്ടായി. സന്ദേശ് എന്ന റേയുടെ കുടുമ്പ മാസികയ്ക്ക് വേണ്ടി അദ്ദേഹം 1962-ല്‍ എഴുതിയ ബാങ്കുബാബുര്‍ ബന്ധു (ബാങ്കു ബാബുവിന്റെ സുഹൃത്ത്) എന്ന ചെറുകഥയാണ് ഈ തിരക്കഥയ്ക്ക് ആധാരം. കൊളമ്പിയ പിക്ചേര്‍സ് ആയിരുന്നു ദ ഏലിയന്‍ എന്ന് പേരിട്ട ഈ ഇന്ത്യന്‍-അമേരിക്കന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായി തീരുമാനിക്കപ്പെട്ടിരുന്നത്. പീറ്റര്‍ സെല്ലേര്‍സ്, മര്‍ലോണ്‍ ബ്രാന്റോ എന്നിവര്‍ അഭിനേതാക്കളും. പക്ഷെ തന്റെ ഈ തിരക്കഥ നേരത്തേ തന്നെ പകര്‍പ്പവകാശനിയമപ്രകാരം മറ്റൊരാള്‍ക്ക് അവകാശപ്പെടുത്തിയിരിക്കുന്നു എന്നറിഞ്ഞ് അദ്ദേഹം ആശ്ചര്യപ്പെടുകയാണുണ്ടായത്. ബ്രാന്റോ പിന്നീട് ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറി. ബ്രാന്റോയ്ക്ക് പകരം ജെയിംസ് കബ്ബേണ്‍എന്ന നടനെക്കൊണ്ട് ചിത്രം തുടരാന്‍ കുറച്ച്കാലം ശ്രമിക്കുകയുണ്ടായെങ്കിലും, മനം മടുത്ത് റേ കൊല്‍ക്കത്തയ്ക്ക് തന്നെ മടങ്ങി.[2][3] ഈ സിനിമ വീണ്ടും തുടങ്ങുവാനായി കൊളമ്പിയ 1970-1980 കാലഘട്ടത്തില്‍ പല തവണ ശ്രമിച്ചുവെങ്കിലും ഈ പദ്ധതി മുന്നോട്ട് നീങ്ങിയതേയില്ല. 1982-ല്‍ എക്ട്രാ ടെറസ്ട്രിയല്‍ (E.T. the Extra-Terrestrial) പുറത്തിറങ്ങിയപ്പോള്‍ തന്റെ തിരക്കഥയുമായി വളരെയധികം സാമ്യം റേ ഈ സിനിമയില്‍ കാണുകയുണ്ടായി. 1980-ല്‍ സൈറ്റ് & സൌണ്ട് (Sight & Sound) എന്ന പരിപാടിയില്‍ റേ തന്റെ ഉദ്യമത്തിന്റെ പരാജയകാരണം ചര്‍ച്ച ചെയ്യുകയും ചെയ്തു. 1989-ല്‍ റേയുടെ ചരിത്രകാരന്‍ ആണ്ട്രൂ റോബിന്‍സന്‍ ദ ഇന്നര്‍ ഐ എന്ന പുസ്തകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ദ ഏലിയന്‍ എന്ന തന്റെ തിരക്കഥ അമേരിക്ക മുഴുവന്‍ ലഭ്യമായില്ലായിരുന്നുവെങ്കില്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന് എക്ട്രാ ടെറസ്ട്രിയല്‍ എന്ന സിനിമ നിര്‍മ്മിക്കുവാനാകുമായിരുന്നില്ല എന്ന് റേ പിന്നീട് ആരോപിച്ചെങ്കിലും സ്പീല്‍ബര്‍ഗ് അത് നിഷേധിച്ചു.[4]
1969-ല്‍ റേ, തന്റെ ചലച്ചിത്രങ്ങളില്‍ ഏറ്റവും വിജയം നേടിയ ചിത്രം നിര്‍മ്മിച്ചു. തന്റെ മുത്തച്ചന്‍ എഴുതിയ ഒരു ബാലസാഹിത്യകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മ്മിച്ച ഗൂപ്പി ഗൈന്‍ ഭാഗ ബൈന്‍ (ഗൂപ്പിയുടേയും ഭാഗയുടേയും സാഹസങ്ങള്‍), ഒരു സംഗീത സാന്ദ്രമായ ഫാന്റസി ചിത്രമാണ്. ഗൂപ്പി എന്ന പാട്ടുകാരനും ഭാഗ എന്ന ഡ്രമ്മറും, പ്രേതങ്ങളുടെ രാജാവ് തങ്ങള്‍ക്ക് അനുവദിച്ചുതന്ന മൂന്ന് വരങ്ങള്‍ വച്ച് രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ചിത്രങ്ങളില്‍ ഏറ്റവും ചിലവേറിയ ഒന്നായ ഇതിന് ഒരു നിര്‍മ്മാതാവിനെ ലഭിക്കാന്‍ റേ ഒരുപാട് കഷ്ടപ്പെട്ടു. ഒരു ബോളീവുഡ് നടനെ മുഖ്യ അഭിനേതാവാക്കാമെങ്കില്‍ ലഭിക്കുമായിരുന്ന പണം വേണ്ടെന്ന് വയ്ക്കുക വരെ ചെയ്ത്, അവസാനം നിവര്‍ത്തിയില്ലാതെ ചിലവ് കുറയ്ക്കാന്‍ റേ ഈ ചിത്രം ബ്ലാക്ക് & വൈറ്റിലാണ് ചിത്രീകരിച്ചത്.[5] യുവകവിയും കഥാകാരനുമായ സുനില്‍ ഗംഗോപാധ്യായയുടെ ഒരു നോവലായിരുന്നു അടുത്തതായി റേ ചലച്ചിത്രമാക്കിയത്. ചാരുലതയേക്കാള്‍ സങ്കീര്‍ണ്ണമായ ഒരു സംഗീത പ്രമേയമായിരുന്നു ഈ സിനിമയ്ക്ക് .[6] അരന്യര്‍ ദിന്‍ രാത്രി (ആരണ്യത്തിലെ ദിനങ്ങളും രാത്രികളും) എന്ന ഈ സിനിമയില്‍ നാലു നാഗരികയുവാക്കള്‍ വനത്തിലേയ്ക്ക് ഒരു വിനോദയാത്ര പോകുന്നതും അവിടെ തങ്ങളുടെ നാഗരികത ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതുമാണ് പ്രമേയമായത്. ഇതില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ മുഴുവനും സ്തീകളുമായി ഇടപഴകുന്നത് ചിത്രീകരിച്ച ഈ സിനിമയെ വിമര്‍ശകര്‍ ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങളുടെ ഒരു ആഴത്തിലുള്ള പഠനമായിട്ടാണ് വിശേഷിപ്പിച്ചത്. ഒരു ആദിവാസി വനിതയായി ഈ ചിത്രത്തില്‍ അഭിനയിച്ച സിമി ഗരേവാള്‍ എന്ന മുബൈ നടി, നഗരത്തില്‍ ജീവിച്ചുവളര്‍ന്ന തന്നെ റേ ഈ ആദിവാസിയുടെ റോളിനായി പരിഗണിച്ചതുകണ്ട് ആശ്ചര്യപ്പെട്ടിരുന്നു.
ആരണ്യര്‍ക്ക് ശേഷം, റേ സമകാലീന ബംഗാളി യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി. ഇടതുപക്ഷ നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ കാരണം ബംഗ്ലാളികളുടെ ജീവിതം മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന ഒരു സമയമായിരുന്നു അത്. കല്‍ക്കട്ട ട്രൈലോജി എന്ന പേരില്‍ പ്രതിധ്വന്തി (1970), സീമബദ്ധ (1971), ജന അരണ്യ (1975) എന്ന പേരില്‍ കഥാതന്തുവില്‍ സാമ്യമുള്ള മൂന്ന് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. പ്രതിധ്വന്തി (പ്രതിയോഗി) ഒരു ആദര്‍ശവാനായ ഒരു യുവബിരുദദാരിയുടെ കഥയാണ്. ഈ സിനിമയിലെ കഥാനായകന്‍ പല മോഹവലയങ്ങളില്‍ പെട്ടിട്ടുപോലും അവസാനം വരെ കളങ്കിതനാകാതെ പിടിച്ചു നിന്നു. ഗണ അരണ്യ (ഇടത്തരക്കാരന്‍), ജീവിക്കാനായി അഴിമതി ചെയ്യുന്ന ഒരു യുവാവിന്റേതും സീമബദ്ധ (Company Limited) ജീവിതവിജയം നേടിയിട്ടും ആര്‍ത്തി കാരണം സ്വന്തം മൂല്യങ്ങളെ ബലി കഴിക്കുന്ന ഒരു വ്യക്തിയുടേയും കഥയാണ്. ഇതില്‍ ആദ്യത്തേതായ പ്രതിധ്വന്തിയില്‍, റേയുടെ ചലചിത്രങ്ങളില്‍ കാണാത്ത ഒരു എലിപ്റ്റിക്കള്‍ വിവരണ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്; ഉദാ: നെഗറ്റീവിലുള്ള സീനുകള്‍, ഉറക്ക സീനുകള്‍, പൊടുന്നനെയുള്ള ഓര്‍മ്മകള്‍ എന്നിവ. എഴുപതുകളില്‍ തന്റെ തന്നെ പ്രശസ്തമായ രണ്ട് അന്വേഷണാത്മകമായ കഥകള്‍ റേ സിനിമയാക്കുകയുണ്ടായി. മിക്കവയും കുട്ടികളേയും യുവാക്കളേയും ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നുവെങ്കിലും സോനാര്‍ കെല്ല (സ്വര്‍ണ്ണ കോട്ട) , ജോയ് ബാബ ഫെല്ലുനാഥ് (ഒരു ആന ദൈവം) എന്നിവ വിമര്‍ശന പ്രശ്ത പിടിച്ചുപറ്റി.[7]
ബംഗ്ലാദേശ് മോചന സമരത്തെക്കുറിച്ച് ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് റേ ആലോചിച്ചിരുന്നുവെങ്കിലും, അഭയാര്‍ത്ഥികളുടെ പാലായനങ്ങളും യാത്രകളുമാണ് ഒരു ചലച്ചിത്രകാരന്‍ സിനിമയാക്കേണത്, അല്ലാതെ അതിന്റെ രാഷ്ട്രീയമല്ല എന്ന നിലപാടുകാരണം പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു.[8] 1977-ല്‍, 'ശത്രഞ്ജ് കേ ഖിലാഡി]] (ചതുരങ്കം കളിക്കാര്‍) എന്ന ഉറുദു ചിത്രം അദ്ദേഹം പൂര്‍ത്തിയാക്കി. ഈ ചിത്രം മുന്‍ഷി പ്രേംചന്ദ് എന്ന വ്യക്തിയുടെ കഥയെ ആസ്പദമാക്കിയായിരുന്നു എഴുതപ്പെട്ടത്. 1857-ലെ ഇന്ത്യന്‍ വിമോചന സമരത്തിനു ഒരു വര്‍ഷം മുന്‍പ് ലക്നൌവിലെ ഔധ് എന്ന സംസ്ഥാനത്ത് നടക്കുന്ന ഒരു കഥയായിരുന്നു അത്. റേയുടെ, ബംഗാളിയില്‍ അല്ലാത്ത ആദ്യ ചലച്ചിത്രമായ ഇത്, ഇന്ത്യ ബ്രിട്ടീഷ് കോളനി ആകാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപാധിക്കുന്ന ഒന്നായിരുന്നു. റേയുടെ ഏറ്റവും ചിലവേറിയതും താരനിബഡവുമായ ചിത്രവും ഇതായിരുന്നു. സഞ്ജീവ് കുമാര്‍, സയിദ് ജാഫ്രി, അംജദ് ഖാന്‍, ശബാന ആസ്മി, വിക്റ്റര്‍ ബാനര്‍ജി റിച്ചാര്‍ഡ് ആറ്റര്‍ബറോ എന്നിവര്‍ ഈ സിനിമയില്‍ അഭിനേതാക്കളായി അണിനിരന്നു. ഗൂപ്പി ഗൈനെ ഭാഗ ബൈനെ എന്ന സിനിമയ്ക്ക് 1980-ല്‍ റേ രണ്ടാം ഭാഗം ഉണ്ടാക്കുകയുമുണ്ടായി. ഹിരക് രജര്‍ ദേശേ (രത്നങ്ങളുടെ നഗരം) എന്ന ഈ സിനിമയില്‍, ദുഷ്ടനായ രത്നരാജാവ് ഹിരോക് രാജിന്റെ നഗരം എന്ന പേരില്‍ അടിയന്തിരാവസ്ഥക്കാലത്തെ ഇന്ത്യയെയായിരുന്നു റേ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. [9] ഇതുകൂടാതെ ഇക്കാലത്ത് പിക്കൂര്‍ ഡയറി (പിക്കൂവിന്റെ ദിവസം) എന്ന ചെറുസിനിമയും ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഹിന്ദി ചലച്ചിത്രം സദ്ഗതി എന്നിവയുമായിരുന്നു അദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍.
[തിരുത്തുക] അവസാന കാലഘട്ടം (1983–1992)
1983-ല്‍, ഖരേ ബൈരേ (വീടും ലോകവും) എന്ന ചലച്ചിത്രത്തിന്റെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് റേയ്ക്ക് ഒരു ചെറിയ ഹൃദയാഘാതമുണ്ടായി. ഇത് അടുത്ത 9 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ വലിയൊരളവ്‍ വരെ കുറച്ചു. ഖരേ ബൈരേ 1984-ല്‍ റേ തന്റെ ശാരീരികാശ്വാസ്ത്യം കാരണം തന്റെ മകന്റെ സഹായത്തോടുകൂടിയാണ് പൂര്‍ത്തിയാക്കിയത്. അവിടുന്നങ്ങോട്ട് റേയുടെ മകന്‍ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്. തീക്ഷണമായ ദേശീയവാദത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ടാഗോറിന്റെ ഈ നോവല്‍ സിനിമയാക്കണമെന്ന് അദ്ദേഹത്തിന്റെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. 1940-ല്‍ ദുര്‍ബലമായ (അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍) ഒരു തിരക്കഥ അദ്ദേഹം ഈ കഥയെ ആസ്പദമാക്കി രചിക്കുകപോലുമുണ്ടായി.[10] തന്റെ അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ നിര്‍മ്മിച്ചതിന്റെ പോരായ്മകളുണ്ടായിട്ടും ഈ സിനിമ വിമര്‍ശന പ്രശംസ പിടിച്ചുപറ്റി. 1987-ല്‍ അദ്ദേഹം തന്റെ അച്ഛനായ സുകുമാര്‍ റേയെപ്പറ്റി ഒരു ഡോക്യുമെന്ററിയും ഉണ്ടാക്കുകയുണ്ടായി.
റേയുടെ അസുഖം ഭേദമായതിനുശേഷം നിര്‍മ്മിച്ച അവസാന മൂന്ന് ചിത്രങ്ങളും അധികവും പുറമേയല്ല ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകമായ ഒരു ശൈലിയില്‍ സംഭാഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ സിനിമകള്‍ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ചുനോക്കുമ്പോള്‍ നിലവാരത്തില്‍ കുറവാണെന്ന് കരുതപ്പെടുന്നു. ആദ്യത്തേതായ ഗണശത്രു (ജനങ്ങളുടെ ശത്രു), ഇബ്സെന്റെ An Enemy of the People എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. ഈ സിനിമയാണ് അവസാന മൂന്നില്‍ ഏറ്റവും മോശപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്.[11] 1990-ലെ സിനിമയായ ശഖ പ്രൊശഖ (മരങ്ങളുടെ ശിഖരങ്ങള്‍) എന്ന സിനിമയില്‍ അദ്ദേഹം തന്റെ പ്രതാപം വീണ്ടെടുത്ത് തിരിച്ച് വന്നു.[12] ഇതില്‍ ഒരു സത്യസന്ധനായ ഒരു വൃദ്ധന്‍, തന്റെ മൂന്ന് മക്കളുടെ അഴിമതികളെക്കുറിച്ചറിഞ്ഞ് അവരുമായി അകന്ന് തന്റെ മാനസികാസ്വാസ്ഥ്യമുള്ള നാലാം കുട്ടിയുടെ സംരക്ഷണത്തിനായി ഒതുങ്ങിക്കൂടുന്നതാണ് കഥ. ശഖ പ്രശഖയ്ക്ക് ശേഷം, അഗണ്‍ടുക് (അപരിചിതന്‍) എന്ന സിനിമയാണ് അദ്ദേഹം നിര്‍മ്മിച്ചത്.
1992-ല്‍ ഹൃദയസംബന്ധമായ കാരണങ്ങളാല്‍ റേയുടെ ആരോഗ്യം മോശമായി. ഇതേത്തുടര്‍ന്ന് ആശുപത്രിവാസിതനാക്കപ്പെട്ട അദ്ദേഹത്തിന് പിന്നീട് ആ അവസ്ഥയില്‍ നിന്ന് കരകയറാനായില്ല. മരിക്കുന്നതിനു ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് ബഹുമാനസൂചകമായി അദ്ദേഹത്തിന് ഒരു ഓസ്കാര്‍ സമ്മാനിച്ച് ആദരിക്കുകയുണ്ടായി. ഏപ്രില്‍ 23, 1992-ന് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മഹാനായ ഈ ചലച്ചിത്രകാരന്‍ ഈ ലോകത്തോട് വിട പറഞ്ഞു.
[തിരുത്തുക] Film craft
[തിരുത്തുക] സാഹിത്യ സംഭാവനകള്‍
സത്യജിത്ത് റേ ബംഗാളി ബാലസാഹിത്യത്തില്‍ വളരെ പ്രശസ്തരായ രണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഫെലൂദ എന്ന കുറ്റാന്വേഷകനും പ്രൊഫസര്‍ ഷോങ്കു എന്ന ശാസ്ത്രജ്ഞനും.റേ എഴുതിയിരുന്ന ചെറുകഥകള്‍ 12 കഥകളുള്ള ഒരോ ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകത്തിന്റെ പേരുകള്‍ പന്ത്രണ്ട് എന്ന വാക്കിനെ കൊണ്ടുള്ള കളികളാണ് (ഉദാഹരണത്തിന് ഒന്നിന്റെ മുകളില്‍ രണ്ട് എന്ന് അര്‍ത്ഥം വരുന്ന ഏകേര്‍ പിധേ ദൊയ്). റേയുടെ തമാശകളോടും കടംകഥകളൊടുമുള്ള കൌതുകം പലപ്പോഴും അദ്ദേഹത്തിന്റെ കഥകളില്‍ പ്രതിഫലിച്ചിരുന്നു, ഉദാഹരണത്തിന് ഫെലൂദ പലപ്പോഴും കടംകഥകളുടെ ഉത്തരം കണ്ടെത്തുന്നതിലൂടെയാണ് കേസുകളുടെ ചുരുളഴിച്ചിരുന്നത്. ഷെര്‍ലക് ഹോംസിന് വാട്സണ്‍ എന്നപോലെ ഫെലൂദയുടെ ബന്ധു ടോപ്സാണ് (Topse)ഇവിടെ കഥ വിവരിക്കുന്നത്.
[തിരുത്തുക] Critical and popular response
[തിരുത്തുക] Legacy
[തിരുത്തുക] See also
[തിരുത്തുക] Notes
[തിരുത്തുക] പ്രമാണാധാരസൂചി
[തിരുത്തുക] പുറത്തേക്കുള്ള ലിങ്കുകള്‍
- Satyajitray.org
- Satyajit Ray at the Internet Movie Database
- World of Ray
- "Remembering Ray, frame by frame"
- Satyajit Ray Film and Study Collection
- Satyajit Ray's Books Collection
- Complete List of Ray's films
- Biography of Ray
- Amartya Sen: Satyajit Ray and the art of Universalism: Our Culture, Their Culture
- Satyajit Ray Section in Parabaas
- Senses of Cinema: Great Directors Critical Database
- Satyajit Ray: A Vision of Cinema article by Andrew Robinson
- Satyajit Ray's Masterpiece: The Apu Trilogy Article by John Nesbit at ToxicUniverse.com
- Ray Film collection at UCSC
- Ray's filmography
- Satyajit Ray @ SPICE