ആര്‍ഗണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||
പൊതു വിവരങ്ങള്‍ | ||||||
---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ആര്‍ഗണ്‍, Ar, 18 | |||||
അണുഭാരം | ഗ്രാം/മോള്‍ |
ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഉല്‍കൃഷ്ടവാതകമാണ് ആര്‍ഗണ്‍. അന്തരീക്ഷത്തില്‍ ആര്‍ഗണിന്റെ അളവ് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. വൈദ്യുതവിളക്കുകളുടെ നിര്‍മ്മാണം, പ്രത്യേകതരം വെല്‍ഡിങ് എന്നീ മേഖലകളില്‍ ഈ വാതകം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഗുണങ്ങള്‍
ആര്‍ഗണിന്റെ പ്രതീകം Ar എന്നും അണുസംഖ്യ 18-ഉം ആണ്. ആവര്‍ത്തനപ്പട്ടികയിലെ ഉല്‍കൃഷ്ടവാതകങ്ങളുടെ ഗ്രൂപ്പായ 18-ആം ഗ്രൂപ്പിലെ മൂന്നാമത്തെ അംഗമാണിത്. മറ്റു ഉല്‍കൃഷ്ടവാതകങ്ങളെപ്പോലെ ആര്‍ഗണിന്റേയും ബാഹ്യതമ ഇലക്ട്രോണ്‍ അറ സമ്പൂര്‍ണമാണ്. അതു കൊണ്ടു തന്നെ മറ്റു മൂലകങ്ങളുമായി രാസബന്ധത്തിലേര്‍പ്പെടാതെ സ്ഥിരത പ്രകടിപ്പിക്കുന്ന ഒരു മൂലകമാണിത്. ആര്‍ഗണിന്റെ ട്രിപ്പിള്‍ പോയിന്റിനെ (83.8058 കെല്‍വിന്‍) അടിസ്ഥാനപ്പെടുത്തിയാണ് 1990-ലെ അന്താരാഷ്ട്ര താപനില മാനകം (International Temperature Scale of 1990) ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓക്സിജന്‍ ജലത്തില്‍ ലയിക്കുന്നത്ര അതേ അളവില്‍ ആര്‍ഗണും ജലത്തില്‍ ലയിക്കുന്നു. വാതകരൂപത്തിലും ദ്രാവകരൂപത്തിലും, നിറമോ, മണമോ, രുചിയോ ഇല്ലാതെ അത്യധികം സ്ഥിരത പുലര്‍ത്തുന്ന ഒരു മൂലകമാണിത്. എന്നു മാത്രമല്ല സാധാരണ അന്തരീക്ഷതാപനിലയില്‍ ആര്‍ഗണെ സ്ഥിരതയുള്ള ഒരു സംയുക്തമാക്കി മാറ്റുക എന്നതും അസാധ്യമാണ്. ഹൈഡ്രജന്‍, ഫ്ലൂറിന്‍, ആര്‍ഗണ്‍ എന്നിവ സംയോജിപ്പിച്ച് താരതമ്യേന സ്ഥിരത കുറഞ്ഞ ഒരു സംയുക്തമായ ആര്‍ഗണ്‍ ഹൈഡ്രോഫ്ലൂറൈഡ് (HArF), 2000-ല്‍ ഹെത്സിങ്കി സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
[തിരുത്തുക] ഉപയോഗങ്ങള്‍
- അത്യധികം ഉയര്‍ന്ന താപനിലയില്‍ പോലും വൈദ്യുതവിളക്കുകളിലെ ഫിലമെന്റുമായി ആര്‍ഗണ്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നില്ല. അതിനാല്‍ ഫിലമെന്റുള്ള (incandescent bulb) വൈദ്യുതവിളക്കുകളില്‍ ആര്‍ഗണ്‍ നിറക്കുന്നു.
- ഡിസ്ചാര്‍ജ് വിളക്കുകളില്‍ നിറക്കുന്നതിനും ആര്‍ഗണ്‍ ഉപയോഗിക്കുന്നു.
- അലങ്കാരവസ്തു ആയി സാധാരണ ഉപയോഗിക്കാറുള്ള പ്ലാസ്മാ വിളക്കുകളില്‍ ആര്‍ഗണ്‍ നിറക്കാറുണ്ട്.
- മെറ്റല്‍ ഇനര്‍ട്ട് ഗ്യാസ് വെല്‍ഡിങ്, ടങ്സ്റ്റണ്‍ ഇനര്‍ട്ട് ഗ്യാസ് വെല്‍ഡിങ് തുടങ്ങിയ വെല്‍ഡിങ് രീതികളില്‍ സംരക്ഷണവാതകമായി ഉപയോഗിക്കുന്നു.
- ടൈറ്റാനിയം പോലെയുള്ള ക്രിയാശീലമുള്ള മൂലകങ്ങളുടെ നിര്‍മ്മാണസമയത്ത് ഒരു സംരക്ഷകകവചമായി ഉപയോഗിക്കുന്നു.
- ഇലക്ട്രോണിക്സിലെ അടിസ്ഥാനഘടകങ്ങളുടെ നിര്‍മ്മാണത്തിനുള്ള സിലിക്കണ്‍, ജെര്‍മേനിയം പരലുകള്‍ രൂപപ്പെടുത്തുമ്പോഴും ആര്‍ഗണ്‍ സംരക്ഷണവാതകമായി ഉപയോഗിക്കുന്നു.
- ക്രയോഅബ്ലേഷന്‍ (cryoablation) എന്ന അതിശീതശസ്ത്രക്രിയയില്‍ (cryosurgery) കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനായി ദ്രാവക ആര്‍ഗണ്‍ ഉപയോഗിക്കുന്നു.
- ദ്രാവക ആര്‍ഗണിന് കണികാഭൌതീകശാസ്ത്രത്തിലെ (particle physics) പരീക്ഷണങ്ങളില്‍ ഉപയോഗമുണ്ട്.
- ആര്‍ഗണിന് താപചാലകത കുറവായതിനാല്‍ മുങ്ങല്‍ വസ്ത്രങ്ങളില്‍ നിറക്കുന്നതിനായി ഉപയോഗിക്കുന്നു.
- നീല ആര്‍ഗണ്‍ ലേസറുകള്‍ ധമനികള്‍ യോജിപ്പിക്കുന്നതിനും ട്യൂമറുകള്‍ കരിക്കുന്നതിനും, കണ്ണിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കുന്നു.
- കാഴ്ചബംഗ്ലാവുകളില്‍ പുരാതനമായ രേഖകളും മറ്റു സാമഗ്രികളും ദീര്‍ഘകാലം സൂക്ഷിക്കാന്‍ ആര്‍ഗണിന്റെ അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്നു.
- തുറന്ന വീഞ്ഞിനെ ഓക്സീകരണത്തില്‍ നിന്നും സംരക്ഷിക്കാനായും, വീഞ്ഞ് നിര്‍മ്മാണസമയത്ത് വീപ്പകളുടെ മുകളിലുള്ള ഒഴിഞ്ഞ ഭാഗത്തെ ഓക്സിജനെ നീക്കം ചെയ്യുന്നതിനുമായി ആര്‍ഗണ്‍ വാതകം ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ വീഞ്ഞ് പുളിച്ച് വിനാഗിരിയാകാന്‍ സാധ്യതയുണ്ട്.
[തിരുത്തുക] ചരിത്രം
അലസമായത് എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദമാണ് ആര്‍ഗണ്‍ (Greek αργόν). രാസപ്രവര്‍ത്തനത്തിനോട് ഈ മൂലകം കാണിക്കുന്ന വിമുഖതയില്‍ നിന്നാണ് ഈ പേരുണ്ടായത്. 1785-ല്‍ ഹെന്രി കാവന്‍ഡിഷ് ഇത്തരം ഒരു മൂലകം വായുവിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തി. എന്നാല്‍ 1894-ല്‍ മാത്രമാണ് റേലെയ് പ്രഭുവും വില്ല്യം രാംസേയും ചേര്‍ന്ന് ഈ മൂലകത്തെ കണ്ടെത്തിയത്. വായുവില്‍ നിന്നും നൈട്രജനേയും ഓക്സിജനേയും മുഴുവനായി വേര്‍തിരിക്കാന്‍ നടത്തിയ ഒരു പരീക്ഷണത്തിലാണ് അവര്‍ ആര്‍ഗണ്‍ കണ്ടെത്തിയത്. 1882-ല്‍ എച്ച്.എഫ്. നെവാളും ഡബ്ലിയു.എന്‍. ഹാര്‍ട്‌ലിയും (ഇരുവരും സ്വതന്ത്രമായി) മറ്റൊരു രീതിയില്‍ ആര്‍ഗണ്‍ കണ്ടെത്തിയിരുന്നു. വായുവിന്റെ വര്‍ണരാജി പരിശോധിച്ചപ്പോള്‍ ഈ മൂലകത്തിന്റേതായ സ്പെക്ട്രല്‍ രേഖകള്‍ ഇരുവരും കണ്ടെത്തിയെങ്കിലും ഇതിനു കാരണമാകുന്ന മൂലകത്തെ കണ്ടെത്താന്‍ സാധിച്ചില്ല. ഉല്‍കൃഷ്ടവാതകങ്ങളില്‍ ആദ്യമായി കണ്ടെത്തിയ വാതകം ആര്‍ഗണ്‍ ആണ്. ആര്‍ഗണിന്റെ പ്രതീകം ഇപ്പോള്‍ Ar എന്നാണെങ്കിലും 1957-വരെ ഇത് A എന്നായിരുന്നു.
[തിരുത്തുക] ലഭ്യത
ഭൌമാന്തരീക്ഷത്തില്‍ വ്യാപതത്തിന്റെ അനുപാതത്തില്‍ 0.934% ഭാഗവും പിണ്ഡത്തിന്റെ അനുപാതത്തില്‍ 1.29% ഭാഗവും ആര്‍ഗണ്‍ അടങ്ങിയിരിക്കുന്നു. ആര്‍ഗണും ആര്‍ഗണ്‍ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തു വായു തന്നെയാണ്. നൈട്രജന്‍, ഓക്സിജന്‍, നിയോണ്‍, ക്രിപ്റ്റണ്‍, ക്സെനോണ്‍ മുതലായ വാതകങ്ങളുടെ നിര്‍മ്മാണം പോലെ ദ്രവവായുവിനെ ആംശികസ്വേദനം നടത്തിത്തന്നെയാണ് ആര്‍ഗണും വേര്‍തിരിച്ചെടുക്കുന്നത്.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ 1.6% ആര്‍ഗണ്‍-40 ഉം, ദശലക്ഷത്തില്‍ അഞ്ചു ഭാഗം (5 ppm) ആര്‍ഗണ്‍-36 ഉം അടങ്ങിയിരിക്കുന്നു[1]. 70% ആര്‍ഗണ്‍ അടങ്ങിയ വളരെ നേര്‍ത്ത ഒരു അന്തരീക്ഷമാണ് ബുധനുള്ളത്. ബുധനിലുള്ള റേഡിയോ ക്ഷയ പ്രവര്‍ത്തങ്ങളാണ് (radio activity decay) ഇത്രയളവിലുള്ള ആര്‍ഗണ്‍ വാതകത്തിന്റെ സാന്നിധ്യത്തിനു നിദാനം എന്നാണ് കരുതുന്നത്. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിലും ആര്‍ഗണിന്റെ സാന്നിധ്യമുണ്ടെന്ന് 2005-ല്‍ ഹൈജന്‍സ് പര്യവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
[തിരുത്തുക] അവലംബം
[തിരുത്തുക] പ്രമാണാധാരസൂചി
[തിരുത്തുക] കുറിപ്പുകള്‍
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |