Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
തൃശൂര്‍ പൂരം - വിക്കിപീഡിയ

തൃശൂര്‍ പൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



തൃശൂര്‍ പൂരം - പശ്ചാത്തലത്തില്‍ പാറമേക്കാവ് ക്ഷേത്രം
തൃശൂര്‍ പൂരം - പശ്ചാത്തലത്തില്‍ പാറമേക്കാവ് ക്ഷേത്രം

തൃശൂര്‍ പൂരം പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ പൂരം ആണ്.[1] കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിനു് എകദേശം 200 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട്. സാംസ്കാരിക കേരളത്തിന്‍റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണു് തൃശൂര്‍പൂരം ആഘോഷിക്കുന്നതു്. തൃശൂര്‍ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. [2] [3] ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുന്നുള്ള വെടിക്കട്ട് എന്നിവ ചേര്‍ന്ന് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്നു. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത്(മഠത്തില്‍ വരവ്), മഠത്തിലെ ചമയങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പ്രധാന ചടങ്ങുകള്‍. പൂരത്തിനോടനുബന്ധിച്ച് കോടികളുടെ വ്യാപാരം നടക്കുന്ന പൂരപ്രദര്‍ശനവും ഉണ്ടാവാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

തൃശൂര്‍ പൂരം പാറമേയ്ക്കാവ് വിഭാഗക്കാരുടെ പൂരം 2007
തൃശൂര്‍ പൂരം പാറമേയ്ക്കാവ് വിഭാഗക്കാരുടെ പൂരം 2007

ശക്തന്‍ തമ്പുരാന്‍റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.[4] അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്‍റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയില്‍( 977 മേടം) സാംസ്കാരികകേരളത്തിന്‍റെ തിലകക്കുറിയായി മാറിയ തൃശൂര്‍ പൂരം ആരംഭിച്ചു.*[1] അങ്ങനെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു് വിലക്ക് നേരിട്ട തൃശിവപേരൂര്‍ ദേശക്കാര്‍ക്ക് വേണ്ടി ശക്തന്‍ തമ്പുരാന്‍ തുടങ്ങിയ പൂരമാണ്‌ പിന്നീട്‌ കാലത്തെ അതിശയിപ്പിക്കുന്ന പൂരമായി മാറിയത്‌.[5] പൂരത്തിലെ പ്രധാ‍ന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമ്മേക്കാവും തിരുവമ്പാടിയുമാണ്.

[തിരുത്തുക] ഉത്സവം

ഒരു ചെറു പൂരം
ഒരു ചെറു പൂരം

തൃശ്ശിവപേരൂരിലെ മൂന്നു് പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ വടക്കുംനാഥന്‍ ക്ഷേത്രാങ്കണത്തില്‍ വച്ചാണു് പൂരം അരങ്ങേറുന്നത്. പൂരത്തിലെ പ്രധാനികളായ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെ പരസ്പരമുള്ള മല്‍സരത്തിന്‌ വടക്കുംനാഥന്‍ സാക്ഷിയെന്നു് വിശ്വാസം. പൂരത്തിന്‍റെ മുഖ്യ പങ്കാളിത്തവും അവര്‍ക്കാണ്.

തൃശൂര്‍ പൂരം കണിശമായ ചിട്ടകളിലും പ്രസിദ്ധമാണ്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേ‍ക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. പന്തലുകളൂം വെടികെട്ടുകളും അവയില്‍ പ്രധാനം. പ്രദക്ഷിണ വഴിയില്‍ പന്തലുയര്‍ത്താ‍ന്‍ ഇവര്‍ക്കേ അവകാശമുള്ളൂ.

പൂരത്തിലെ പ്രധാന സംഭവങ്ങളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ ക്ഷേത്രനടയിലാണു് അരങ്ങേറുന്നത്. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ സാക്ഷാല്‍ പൂരത്തിന്‌ അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്‍റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവാണ്‌ പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നത്‌. പിന്നെ ഒന്നൊന്നായി ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചുരക്കാട്ട് ഭഗവതി, നൈതിലക്കാട്ട് ഭഗവതി. ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഒരു ക്ഷേത്രത്തിലെ ദേവന്മാര്‍ മറ്റൊരു ക്ഷേത്രത്തിലേക്ക് എഴുന്നുള്ളുന്നതും പൂരം അവതരിപ്പിക്കുന്നതും ഇവിടെ മാത്രമമണ്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്‍റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും ആചാരപരമായോ മതപരമായോ ഉള്ള ഒരു ചടങ്ങുകളും ഇതില്‍ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകള്‍ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്‍ നടക്കുന്നത്. രാവിലെ ഏഴോടെ പൂരാഘോഷത്തിലെ പ്രധാനിയായ തിരുവമ്പാടി ദേവസ്വത്തില്‍ നിന്നുള്ള പൂരം എത്തിച്ചേരുന്നു. നടുവില്‍ മഠത്തിലേക്കെത്തിച്ചേരുന്ന ഈ പുറപ്പാടാണു് മഠത്തില്‍ വരവെന്നു് പ്രസിദ്ധമായ എഴുന്നുള്ളത്ത്. .[6]

[തിരുത്തുക] ഒരുക്കങ്ങള്‍

തൃശൂര്‍ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേ‍ക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. പന്തലുകളൂം വെടികെട്ടുകളും അവയില്‍ പ്രധാനപ്പെട്ടതാണ് . പ്രദക്ഷിണ വഴിയില്‍ പന്തലുയര്‍ത്താ‍ന്‍ ഇവര്‍ക്ക് മാത്രമെ അവകാശമുള്ളൂ. വെടികെട്ട് നടത്തുവാനുള്ള അവകാശവും ഇവര്‍ക്ക് തന്നെ. പഴയകാലങ്ങളില്‍ ഈ രണ്ടുകൂട്ടര്‍ തമ്മില്‍ പലരീതിയിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്‍റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.

[തിരുത്തുക] പന്തല്‍

മണികണ്ഠനാലിലെ പന്തല്‍ ,2007 തൃശൂര്‍ പൂരത്തില്‍ നിന്ന്
മണികണ്ഠനാലിലെ പന്തല്‍ ,2007 തൃശൂര്‍ പൂരത്തില്‍ നിന്ന്

പ്രദക്ഷിണ വഴിയില്‍ (തൃശൂര്‍ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തല്‍ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലില്‍ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കില്‍ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്.

നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തില്‍ നിന്നെഴുന്നള്ളുമ്പോള്‍ ശ്രീ വടക്കുംനാഥന്‍റെ നടയ്ക്കല്‍ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലില്‍ നിന്നു കൊണ്ടാണ്. ഈ മുഹൂര്‍ത്തത്തില്‍ പഞ്ചവാദ്യം ‘ഇടത്തീര്‍’ കലാശം കൊട്ടും. പുലര്‍ച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും ഓരോ ആനകള്‍ തിടമ്പേറ്റി നില്‍ക്കുന്നത് നായ്ക്കനാല്‍- മണികണ്ഠനാല്‍ പന്തലുകളിലാണ്.

പരസ്യവിപണി കടുത്ത മത്സര രംഗമായിട്ടും തൃശൂര്‍ പൂരത്തിന്‍റെ പന്തലുകള്‍ പരസ്യക്കാര്‍ക്ക് ഇന്നും ബാലികേറാമലയാണ്. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോര്‍ഡുകളോ പന്തലില്‍ അനുവദിക്കില്ല. ദേവസ്വത്തിന്‍റെ പേര്‍ പോലും ഈ പന്തലുകള്‍ക്കാവശ്യമില്ല. പന്തല്‍ ഏതു വിഭാഗത്തിന്‍റെതാണെന്ന് അറിയാത്തവരുമില്ല. അതുപോലെ പൂരം ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഈ രണ്ട് ദേവസ്വങ്ങള്‍ക്കുമല്ലാതെ മറ്റാര്‍ക്കും വെടിക്കെട്ട് കത്തിക്കാന്‍ പറ്റില്ല.

[തിരുത്തുക] ആനച്ചമയങ്ങള്‍

തൃശൂര്‍ പൂരത്തിന്‍റെ തലേ ദിവസം പാറമേക്കാവ് - തിരുവമ്പാടി എന്നിവര്‍ നടത്തുന്ന പ്രദര്‍ശനമാണ് ആനച്ചമയങ്ങള്‍. രണ്ടു വിഭാഗക്കാരും വെവ്വേറെ സ്ഥലങ്ങളിലായിട്ടാണ് പ്രദര്‍ശിപ്പിക്കുക. ഇതില്‍ തിടമ്പ്, കോലം, നെറ്റിപട്ടം, തലക്കെട്ട്, വെഞ്ചാമരം, ആലവട്ടം , മുത്തുക്കുടകള്‍ എന്നിവയാണ് ഉണ്ടായിരിക്കുക.

[തിരുത്തുക] ചടങ്ങുകള്‍

ചെറു പൂരങ്ങള്‍ക്കിടയില്‍ തിടമ്പേറ്റിയ ഒരു ആന വടക്കും നാഥനെ വണങ്ങുന്നു
ചെറു പൂരങ്ങള്‍ക്കിടയില്‍ തിടമ്പേറ്റിയ ഒരു ആന വടക്കും നാഥനെ വണങ്ങുന്നു

കണിമംഗലം ശാസ്താവിന്‍റെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥന്‍ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തില്‍ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നല്‍കിയിരിക്കന്നു. ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതില്‍ അന്ന് പുലര്‍ച്ചെ ശാസ്താവിനായി തുറന്നിടുന്നു. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമുലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതിനുള്ളില്‍ തന്നെ മറ്റു ചെറു പൂരങ്ങളും വന്നു തുടങ്ങും.

[തിരുത്തുക] ചെറു പൂരങ്ങള്‍

പൂരത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങള്‍. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് ‍ പ്രവേശിക്കും. ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, എന്നിവയാണ് മറ്റുള്ളവ. മൂന്നില്‍ കൂടാതെ ആനകള്‍ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ്.

[തിരുത്തുക] മഠത്തില്‍ വരവ്

മഠത്തില്‍ വരവ്
മഠത്തില്‍ വരവ്

മഠത്തില്‍ വരവിനെക്കുറിച്ച്‌ രസകരമായൊരു ഐതിഹ്യമുണ്ട്. തൃശ്ശൂര്‍ നടുവില്‍ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാര്‍ഥികള്‍ കുറവെങ്കിലും ഇപ്പോഴും അങ്ങിനെ തന്നെ). ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവില്‍ മഠം സ്വാമിയാര്‍ ആണ്‌. ഈ മഠത്തിന്‍റെ കൈവശം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാല്‍ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാര്‍ സ്വാമിയാരെ സമീപിച്ചപ്പോള്‍, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കില്‍ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടര്‍ന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വര്‍ണം പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടര്‍ന്നു വരുന്നു. നടുവില്‍ മഠത്തില്‍ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു 'ഇറക്കി പൂജയും' നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂര്‍ കൊണ്ട് ഇത് മഠത്തില്‍ എത്തിച്ചേരുന്നു. 'ഇറക്കി പൂജ' കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങള്‍ സ്വീകരണം) പതിനൊന്നരയോടെ മഠത്തില്‍ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാല്‍ എത്തിച്ചേരുമ്പൊള്‍ എണ്ണം 15 ആകുന്നു.

പഞ്ചവാദ്യത്തിന്റെ ഒരു ദൃശ്യം- ശ്രവണസുഖം മാത്രമല്ല ദൃശ്യ വിരുന്നും താളത്തിലുള്ള ഈ വാദ്യമൊരുക്കും
പഞ്ചവാദ്യത്തിന്റെ ഒരു ദൃശ്യം- ശ്രവണസുഖം മാത്രമല്ല ദൃശ്യ വിരുന്നും താളത്തിലുള്ള ഈ വാദ്യമൊരുക്കും

മഠത്തില്‍ വരവ് അതിന്‍റെ പഞ്ചവാദ്യമേളത്തിലാണ്‌ പ്രസിദ്ധിയാര്‍ജ്ജിച്ചത്.[7] ഇതില്‍ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാര്‍ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒന്‍പത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാന്‍ പാടില്ല. ഇത്രയും വാദ്യക്കാര്‍ ഒത്തുകൂടാന്‍ പ്രയാസമാണ്‌. മഠത്തില്‍ വരവ് പഞ്ചവാദ്യം സംഗീത സാന്ദ്രവും ലോകമൊട്ടുക്ക് ഇരമ്പുന്നതുമാണ്‌. ഈ പഞ്ചവാദ്യം നായ്ക്കനാലില്‍ മധ്യകാലവും തീരുകാലശം കൊട്ടുന്നു.[8] കാണികളെ ആനന്ദ ലഹരിയില്‍ ആറാടിക്കുന്നതാണ്‌ ഈ പഞ്ചവാദ്യമേളം ഇതോടുകൂടി പാറമേക്കാവ് ദേവിയുടെ ഊഴമായി.

[തിരുത്തുക] പാറമേക്കാവിന്‍റെ വരവ്

ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്‍റെ പൂരം തുടങ്ങുന്നത്. പൂരത്തില്‍ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ പുറത്തേറി സര്‍വ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവില്‍ ഭഗവതി എഴുന്നെള്ളുന്നു.പാറമേക്കാവ് ക്ഷേത്രാങ്കണത്തില്‍ നിന്നു തുടങ്ങുന്ന ചെമ്പട താളത്തില്‍ ഉള്ള മേളം അവസാനിക്കുന്നത് വടക്കുംനാഥനില്‍ അത് കൊട്ടിക്കയറി പാണ്ടിമേളത്തോടെയാണ്. ഒരു കലാശം കഴിഞ്ഞ് അത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയില്‍ എത്തുന്നു.

[തിരുത്തുക] ഇലഞ്ഞിത്തറ മേളം

വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാണ്ടി മേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാര്‍ത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേല്‍ക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോല്‍ നിലവിലുള്ള ഇലഞ്ഞി 2004ല്‍ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം നട്ടതാണ്.

വാദ്യക്കാരുടെ എണ്ണം മഠത്തില്‍ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരനൂറ്റി അമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുന്‍ നിരയില്‍ ഉരുട്ട് ചെണ്ടക്കാര്‍ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകള്‍, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേര്‍ കൂടിയാണ്. ഈ കണക്കില്‍ മാത്രം 222 പേര്‍ വരും എന്നാലും എല്ലാ വര്‍ഷവും ഇതിലും അധികം വാദ്യക്കാര്‍ വരാറുണ്ട്. മിക്കവര്‍ക്കും ഇതൊരു വഴിപാടാണ്. [9] ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതില്‍ക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂര്‍ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിന്‍റെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതില്‍ക്കകത്ത്‌ കൊട്ടാറുള്ളത്‌.

വടക്കുംനാഥനെ വണങ്ങി ഭഗവതി മടങ്ങുന്നു
വടക്കുംനാഥനെ വണങ്ങി ഭഗവതി മടങ്ങുന്നു

പതികാലത്തില്‍ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേല്‍ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാല്‍ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.[10]

[തിരുത്തുക] തെക്കോട്ടിറക്കം

ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌. ഇതിന്‌ വേണ്ടി മാത്രമേ ഈ ഗോപുരം തുറക്കാറുള്ളൂ. പിന്നീട്‌ മൈതാനത്തിന്‍റെ തെക്കുഭാഗത്ത്‌ ഇരുവിഭാഗങ്ങളും അഭിമുഖമായി നില്‍ക്കുന്നതോടെ പൂരം തുടങ്ങുകയായി.

[തിരുത്തുക] കൂടിക്കാഴ്ച - കുടമാറ്റം

ജന നിബിഢമായ കുടമാറ്റം ചടങ്ങ്, കുടമാറാനായി പുതിയവ ആനയുടെ പിറകില്‍ വരിയായി പിടിച്ചിരിക്കുന്നത് ശ്രദ്ധിക്കുക
ജന നിബിഢമായ കുടമാറ്റം ചടങ്ങ്, കുടമാറാനായി പുതിയവ ആനയുടെ പിറകില്‍ വരിയായി പിടിച്ചിരിക്കുന്നത് ശ്രദ്ധിക്കുക

ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകള്‍ ഉള്ള കുടകള്‍ അടുത്തകാലത്ത് അവതരിപ്പിച്ചതില്‍ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങള്‍ പകലിന്‌ സുവര്‍ണപ്രഭ സമ്മാനിക്കും. മേളത്തിന്‍റെ അകമ്പടിയോടെ പിന്നീട്‌ വര്‍ണങ്ങള്‍ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങള്‍ക്കും ആലവട്ടങ്ങള്‍ക്കും മേലേ വര്‍ണക്കുടകള്‍ ഉല്‍സവം തീര്‍ക്കുകയായി.അലുക്കുകള്‍ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങിനെ വൈവിധ്യമാര്‍ന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദര്‍ശിപ്പിക്കും. ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകല്‍പൂരം അവസാനിക്കുന്നു. എന്നാല്‍ രാത്രിയും ചെറിയ പൂരങ്ങള്‍ ആവര്‍ത്തിക്കും. പിന്നീട് രാത്രിയാണ്‌ വെടിക്കെട്ട്.

[തിരുത്തുക] വെടിക്കെട്ട്

പൂരം വെടിക്കെട്ട് ഇത്തരം അമിട്ടുകളുടെ പ്രസരമാണ്‌
പൂരം വെടിക്കെട്ട് ഇത്തരം അമിട്ടുകളുടെ പ്രസരമാണ്‌

പിറ്റേന്ന് പകല്‍ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിന്‍റെ മറ്റൊരു ആകര്‍ഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടില്‍ കാര്യമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളില്‍ ദൃശ്യത്തിനാണു് ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം.

തുടര്‍ന്ന് രാവിലെ കൂട്ടി എഴുന്നള്ളിപ്പും അതിനുശേഷം ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ രണ്ടു വിഭാഗക്കാരുടേയും പകല്‍ വെടിക്കെട്ട് നടക്കുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകള്‍ സമാപിക്കുന്നു.

[തിരുത്തുക] ആനച്ചമയം

ആനച്ചമയം മറ്റൊരാകര്‍ഷണമാണ്‌. ആനയുടെ മസ്തകത്തില്‍ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദര്‍ശനത്തിന്‌ വയ്ക്കുന്നു, കൂടെ വര്‍ണ്ണക്കുടകളും. പൂരത്തലേന്നാള്‍ രാവിലെ ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി വൈകുവോളം നീളുന്നു[11]

[തിരുത്തുക] വിവാദങ്ങള്‍

രാത്രി പൂരം
രാത്രി പൂരം

സുപ്രീം കോടതിയുടെ ഒരു സുപ്രാധാന വിധിയില്‍ പൂരങ്ങളില്‍ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഇതിന്‍റെ നിഴലില്‍ പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാല്‍ 2007 മാര്‍ച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയില്‍ ഈ വിലക്കില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ ഒഴിവാക്കിയതും വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. [12] ഏപ്രില്‍ 12 ന്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത് എന്ന വിധിയും പൂരത്തിന്‍റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു. [13] [14] എന്നാല്‍ ഈ വിധിയും പിന്നീട് കോടതി പുതുക്കുകയുണ്ടായത് ആശ്വാസത്തിന്‌ ഇടം നല്‍കിയിട്ടുണ്ട്. [15] [16]

[തിരുത്തുക] തൃശൂര്‍ പൂരം പ്രദര്‍ശനം

2007 ലെ തൃശ്ശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ പ്രവേശന കവാടം
2007 ലെ തൃശ്ശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ പ്രവേശന കവാടം

തൃശൂര്‍ പൂരത്തിന്‍റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദര്‍ശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദര്‍ശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്‍റെ വരുമാനത്തില്‍ പ്രധാന സ്രോതസുമാണ്. പൂരം മുഖം കാട്ടുന്നതിന് ഒരു മാസം മുമ്പേ കിഴക്കെ ഗോപുര നടയില്‍ പ്രദര്‍ശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകള്‍ ആണ് ദിവസവും പ്രദര്‍ശനം കാണാന്‍ എത്തുന്നത്. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യ പ്രധാനവുമാണ്.

പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നാല്‍പ്പത്തിമൂന്നാമത് പ്രദര്‍ശനമാണ് 2007 ലേത്.

1932-ല്‍ തൃശൂരില്‍ രൂപം കൊണ്ട വൈ.എം.എ. 1933-ല്‍ തുടങ്ങിവെച്ചതാണ് പൂരം പ്രദര്‍ശനം. 1948 വരെ യുവജന സമാജത്തിന്‍റെ നേതൃത്വത്തില്‍ തുടര്‍ന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ല്‍ പ്രദര്‍ശനം ഉണ്ടായില്ല. അടുത്ത വര്‍ഷം മുതല്‍ 1962 വരെ നഗരസഭയാണ് പ്രദര്‍ശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദര്‍ശനം നിലച്ചു. 62-ല്‍ ചൈനീസ് യുദ്ധവും 63-ല്‍ വേറെ ചിലകാരണവുമായിരുന്നു. 1962-ല്‍ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി. പൂരം വേണ്ടെന്നു വെച്ച വര്‍ഷമാണ്. 1963-ല്‍ മുന്‍സിപ്പാലിറ്റിയുടെ തൃശ്ശൂര്‍ സ്റ്റേഡിയം പണിയുന്നതിനായി രൂപീകരിച്ച കമ്മിറ്റിയാണ് എക്സിബിഷന്‍ നടത്തിയത്. പൂരത്തിന് വീതം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ചതിനാല്‍ ആവര്‍ഷം പൂരം തന്നെ വേണ്ടെന്ന് വക്കുകായാണ് ഉണ്ടായത്.[17]. 1964ല്‍ തിരുവമ്പാടി - പാറമേല്‍ക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിക്യമുഖ്യത്തില്‍ പൂരം പ്രദര്‍ശനം പുനരാംഭിച്ചു. അന്നു മുതല്‍ മുടക്കം കൂടാതെ തുടരുന്നു. പൂരത്തോടനുബന്ധിച്ചുള്ള അതിബ്രഹത്തായൊരു സംസ്കാരിക മേളയായി മാറികഴിഞ്ഞിരിക്കുന്നു ഇത്.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. "പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരം", മലയാള മനോരമ. ശേഖരിച്ച തീയതി: 2007-04-2൩. (ഭാഷ: മലയാളം)
  2. "Court nod for elephant parading", ഹിന്ദു ഓണ്‍ലൈന്‍. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: ഇംഗ്ലീഷ്)
  3. "Supreme Court permits bursting of firecrackers in Thrissur Pooram", ഹിന്ദു ഓണ്‍ലൈന്‍. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: ഇംഗ്ലീഷ്)
  4. "പൂരപ്പിറവിയും ശക്തന്‍ തമ്പുരാനും", മലയാള മനോരമ. ശേഖരിച്ച തീയതി: 2007-04-2൩. (ഭാഷ: മലയാളം)
  5. കൊട്ടാരത്തില്‍, ശങ്കുണ്ണി [1909-1934] (ഏപ്രില്‍ 1994). ഐതിഹ്യമാല, 6th, 1-8, കറന്‍റ് ബുക്സ്. 
  6. "Thrissur Pooram witnessed by thousands", Times Internet Limited, 2003. ശേഖരിച്ച തീയതി: 2007-04-004. (ഭാഷ: ഇംഗ്ലീഷ്)
  7. "[ഈരത്തിന്റെ പഞ്ചവാദ്യപ്പെരുമ", മലയാള മനോരമ. ശേഖരിച്ച തീയതി: 2007-04-2൩. (ഭാഷ: മലയാളം)
  8. "തൃശ്ശൂരിന്റെ പൂരമഹിമ", മലയാള മനോരമ. ശേഖരിച്ച തീയതി: 2007-04-2൩. (ഭാഷ: മലയാളം)
  9. സംഗീതത്തിന്‍റെ നടുക്കാവും ഇലഞ്ഞിത്തറയും, മലയാള മനോരമ, മൂന്നാം പേജ് തൃശ്ശൂര്‍ എഡിഷന്‍
  10. "വിസ്മയ പ്രപഞ്ചമൊരുക്കി ഇലഞ്ഞിത്തറ മേളം", മലയാള മനോരമ. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: മലയാളം)
  11. "പരപ്പറമ്പിലെ ആനച്ചമയം", മലയാള മനോരമ. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: മലയാളം)
  12. "Thrissur Pooram regains its traditional glory", ഗള്‍ഫ് ന്യൂസ്. ശേഖരിച്ച തീയതി: 2007-03-27. (ഭാഷ: ഇംഗ്ലീഷ്)
  13. "Now pooram won’t be a mammoth affair", എക്സ്പ്രസ്സ് ഇന്ത്യ. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: ഇംഗ്ലീഷ്)
  14. "Devotees divided over high-intensity fireworks for Pooram", ഇന്ത്യന്‍ നോഷന്‍.കോം, തിയതി. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: ഇംഗ്ലീഷ്)
  15. "Court modifies its order on parading elephants", ഹിന്ദു ഓണ്‍ലൈന്‍. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: ഇംഗ്ലീഷ്)
  16. "HC stays single judge order restricting elephant parades", വണ്‍ ഇന്ത്യ. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: ഇംഗ്ലീഷ്)
  17. "Thrissur Pooram- The ultimate Festival" .Published by C.A. Menon Asspciates ,Thrissur May 2006

[തിരുത്തുക] കുറിപ്പുകള്‍

  •   "ഇവിടെ ആണ്ടുതോറും മേടമാസത്തില്‍ പൂരം ഒരാഘോഷദിവസമായി കൊണ്ടാടണം; അതിനു നാട്ടുകാര്‍ തിരുവമ്പാടി, പാറമേക്കാവ്‌ ഇങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞ്‌ സംഘം ചേര്‍ന്ന് അത്‌ നടത്തണം. അന്നു സമീപത്തുള്ള ഭഗവതിമാരെയും ശാസ്താവു മുതലായ ദേവന്മാരെയും എഴുന്നള്ളിച്ച്‌ വടക്കുന്നാഥ സന്നിധിയില്‍ കൊണ്ടു വരണം. അവയില്‍ തിരുവമ്പാടിയില്‍ നിന്നും പാറമേക്കാവില്‍ നിന്നുമുള്ള എഴുന്നള്ളിപ്പുകള്‍ പ്രധാനമായിരിക്കണം. ഈ വകയ്ക്കു വേണ്ടുന്ന പണം ജനങ്ങള്‍ തന്നെ വീതിച്ചെടുത്തു ചെലവു ചെയ്യിക്കണം. പിന്നെ വേണ്ടുന്ന സഹായങ്ങള്‍ എല്ലാം നാം ചെയ്തു തരികയും ചെയ്യാം' എന്നാണ്‌ ശക്തന്‍ തമ്പുരാന്‍ കലപന പുറപ്പെടുവിച്ചത്‌. എഴുന്നള്ളത്തു സംബന്ധിച്ചും മറ്റും വേണ്ടുന്ന മുറകളും ചടങ്ങുകളുമെല്ലാം അദ്ദേഹം തന്നെ പ്രത്യേകം കല്‍പിക്കുകയും ചെയ്തു. പൂരം തുടങ്ങിയ കാലം മുതല്‍ അദ്ദേഹം ജീവിച്ചിരുന്നതു വരെയുള്ള കാലമത്രയും അദ്ദേഹം പൂരത്തിനും എഴുന്നള്ളിയിരുന്നു. ഇന്ന് കാണുന്ന ചടങ്ങുകള്‍ അത്രയും അദ്ദേഹം വിഭാവനം ചെയ്തവ തന്നെയാണ്‌ . എന്നാണ്‌ കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ ഐതിഹ്യമാല എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
തൃശ്ശൂര്‍ - വിവരങ്ങള്‍

edit

ചരിത്രം തൃശ്ശൂരിന്റെ ചരിത്രം,കൊച്ചി രാജ്യം, കേരള ചരിത്രം, ശക്തന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍
പ്രധാന സ്ഥലങ്ങള്‍ തൃശൂരിനടുത്തുള്ള പ്രധാനസ്ഥലങ്ങള്‍, തൃശൂരിലെ ഗ്രാമപ്രദേശങ്ങള്‍, സ്വരാജ് റൗണ്ട്, തൃശ്ശൂര്‍, തൃശ്ശൂര്‍ ജില്ല
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, കേരള സംഗീത നാടക അക്കാ‍ദമി, കേരള സാഹിത്യ അക്കാദമി
വിദ്യാഭ്യാസം തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ആശുപത്രികള്‍ തൃശൂരിലെ പ്രധാന ആശുപത്രികള്‍
ഗതാഗതം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
സംസ്കാരം കേരളസംസ്കാരം, കേരളത്തിലെ പാചകം, മലയാളം, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാഡമി
ആരാധനാലയങ്ങള്‍ തൃശൂരിലെ ആരാധനാലയങ്ങള്‍, ഹൈന്ദവക്ഷേത്രങ്ങള്‍, വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, കല്‍ദായ സുറിയാനി പള്ളി
മറ്റ് വിഷയങ്ങള്‍ തൃശൂര്‍ പൂരം, ശക്തന്‍ തമ്പുരാന്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com