റാണിപുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുന്‍പുള്ള ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുന്‍പ് വടക്കുനിന്നും കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണ് ഇവര്‍. ഭഗമണ്ഡല വനനിരകളില്‍ കടല്‍നിരപ്പില്‍ നിന്ന് 1016 മീറ്റര്‍ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റര്‍ കിഴക്കായി പാനത്തൂര്‍ റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്താണ് റാണിപുരത്തിന്റെ സ്ഥാനം.
റാണിപുരത്തിന്റെ പ്രകൃതിസൌന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൌന്ദര്യം മനോഹരമാണ്. മലമുകളില്‍ (“മണി”യില്‍) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. മേഖങ്ങള്‍ പുതച്ച കുന്നുകള്‍ സമതലങ്ങള്‍ വരെയും ചക്രവാളം കടല്‍ത്തീരം വരെയും നീണ്ടുകിടക്കുന്നത് മലമുകളില്‍ നിന്നും കാണാം.
അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഒരു പറുദീസയാണ്. ചിത്രശലഭങ്ങളും കിളികളും മലമുകളില്‍ ധാരാളമായുണ്ട്. കരിമ്പരുത്ത് (Black eagle), ചുള്ളിപ്പരുന്ത് (Crested serpent eagle), ചെറിയ ചിലന്തിവേട്ടക്കാരന്‍ (Little spider hunter) എന്നിവ മലമുകളില്‍ സാധാരണമാണ്. വേനല്‍ക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ പുള്ളിപ്പുലിയെയും കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. കെ.ടി.ഡി.സിയുടെ ഗസ്റ്റ് ഹൌസുകള്‍ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകള്‍ തുടങ്ങിയിട്ടുണ്ട്. പാനത്തടിയില്‍ നിന്നും ജീപ്പുവഴി റാണിപുരത്തോട്ട് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗം.
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെള്ളിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടാഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കണ്ണാട്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |