ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവികള്‍ക്ക് തമ്മില്‍ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങള്‍ക്കാണ് ഭാഷ എന്നുപറയുന്നത്. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. ഹോര്‍മോണുകളും, ശബ്ദങ്ങളും, വിദ്യുത് തരംഗങ്ങളും, ആംഗ്യങ്ങളും, എല്ലാം പലയിനങ്ങളിലുള്ള ജീവികള്‍ താന്താങ്ങളുടെ ഭാഷയായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടര്‍ മുതലായ വൈദ്യുതോപകരണങ്ങളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടത്തിനും ഭാഷ എന്നു തന്നെ ആണ് പറയുന്നത്.പ്രോഗ്രാമിംഗ് ഭാഷ, സൂചക ഭാഷ(Markup Language) മുതലായവ ഉദാഹരണങ്ങള്‍..
[തിരുത്തുക] ജീവികളുടെ ഭാഷ
ആശയവിനിമയത്തിനായി ജീവികള്‍ താന്താങ്ങളുടെ ആയിട്ടുള്ള ഭാഷ ഉപയോഗിക്കുന്നു. കാക്ക തുടങ്ങിയ പക്ഷികളുടെ ഭാഷയ്ക്ക് പ്രാദേശിക ഭേദം പോലുമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.
മൃഗങ്ങളിലാകട്ടെ പക്ഷികള്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ ആംഗ്യങ്ങള്‍ ഭാഷകള്‍ ആയി ഉപയോഗിക്കുന്നതായി കാണാം. ചെന്നായ് കൂട്ടത്തില്‍ തലവനെ കാണുമ്പോള്‍ മറ്റുള്ളവ തങ്ങളുടെ വാല്‍ താഴ്ത്തിയിടുന്നതും, യജമാനനെ കാണുമ്പോള്‍ നായ വാലാട്ടുന്നതും അവയുടെ ഭാഷകളായി കാണാം. ആന മുതലായ ജീവികളാകട്ടെ നിലത്തു ചവിട്ടുന്നതു മൂലമുണ്ടാകുന്ന ഭൗമ കമ്പനങ്ങള്‍ വരെ ആശയവിനിമയത്തിനായി ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] മനുഷ്യഭാഷകള്‍
മനുഷ്യഭാഷകള്‍ എന്ന് സാധാരണയായി വിവക്ഷിക്കുന്നവ നാക്കും ചുണ്ടും, തൊണ്ടയിലെ ശബ്ദകോശങ്ങളും, തലയിലെ അസ്ഥികളും മാംസപേശികളും ഉപയോഗിച്ച് മനുഷ്യന്‍ നിര്‍മ്മിക്കുന്ന ശബ്ദങ്ങളുടെ ഒരു കൂട്ടമാണ്. പ്രത്യേകം വ്യാകരണവും ഈ ശബ്ദങ്ങളുടെ ഉപയോഗത്തിനുണ്ടാവും. മിക്കമനുഷ്യഭാഷകളും ലിഖിതരൂപത്തില്‍ സൂക്ഷിക്കാനും കഴിയും. പ്രത്യേകം ലിപികള്‍ ഇല്ലാത്ത ഭാഷകള്‍ ചിലപ്പോള്‍ തങ്ങളുടെ ലിഖിത രൂപം സൂക്ഷിക്കുന്നതിനായി മറ്റു ഭാഷകളുടെ ലിപികള്‍ കടം കൊള്ളാറുമുണ്ട്. ഉദാഹരണമായി കൊങ്ങിണി, ഇന്‍ഡോനേഷ്യന്‍ ഭാഷ മുതലായ.
മനുഷ്യഭാഷകളെ പ്രധാനമായും ആറായി തരംതിരിക്കാം, ഇന്തോ-ആര്യന്‍ ഭാഷകള്‍, ആഫ്രിക്കന്‍ ഭാഷകള്‍, മധ്യേഷ്യന്‍ ഭാഷകള്‍, ദ്രാവിഡീയ ഭാഷകള്‍, കിഴക്കനേഷ്യന്‍ ഭാഷകള്‍, യൂറോപ്യന്‍ ഭാഷകള്‍ എന്നിങ്ങനെയാണവ. കമ്പ്യൂട്ടര്‍ ഭാഷകള്‍ എന്നൊരു വിഭാഗം കൂടി ചിലര്‍ ഇക്കൂട്ടത്തില്‍ പെടുത്തി കാണാറുണ്ട്.
കാലാകാലങ്ങളായുണ്ടായ ആശയവിനിമയ ആവശ്യങ്ങളാല്‍ ഉരുത്തിരിഞ്ഞു വന്ന ഭാഷകള്‍ക്കു പുറമേ കൃത്രിമമായി സൃഷ്ടിച്ചെടുത്ത മനുഷ്യഭാഷകളും ഉണ്ട്. എസ്പരാന്റോ, ഇന്റര്‍ലിംഗ്വാ മുതലായ ഉദാഹരണങ്ങള്‍.